ചെറുപുഴ\ആലക്കോട്: ഇന്നലെ പെയ്ത കനത്തമഴയിൽ മലയോരപ്രദേശങ്ങളിൽ വ്യാപകനാശം. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി കപ്പാലത്തിനു മുകളിലും അരിവിളഞ്ഞപൊയിൽ ഇരട്ടപ്പാലത്തും ഉരുൾപൊട്ടി. ചെറുപുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട കപ്പാലത്തിനു മുകളിൽ ഇന്നലെ വൈകുന്നേരമാണ് ഉരുൾപൊട്ടലുണ്ടായത്.
രാജഗിരി-ജോസ്ഗിരി റോഡിന്റെ ഒരുഭാഗം ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. രാജഗിരിയിലെ പടിഞ്ഞാറെവീട്ടിൽ സുബിൻ ജോസഫിന്റെ വീടിന്റെ പിന്നിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശവാസികൾ ഉപയോഗിക്കുന്ന ഒട്ടേറെ കുടിവെള്ള പദ്ധതികൾ നശിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആരംഭിച്ച കനത്തമഴ 5.30നാണ് ശമിച്ചത്.
മഴ ശമിച്ചതിനുശേഷമാണ് ഉരുൾപൊട്ടലുണ്ടായ കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാജഗിരി ഇടക്കോളനിയിലേക്ക് പോകുന്ന രണ്ട് നടപ്പാലങ്ങൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. രാജൻ, പഞ്ചായത്ത് അംഗങ്ങളായ ഷാന്റി കലാധരൻ, ലാലി തോമസ്, കെ.കെ. ജോയി, മനോജ് വടക്കേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
അരിവിളഞ്ഞപൊയിൽ ഇരട്ടപ്പാലത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് റോഡും കൃഷിസ്ഥലങ്ങളും നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഈ മേഖലയിൽ ശക്തമായ മഴ പെയ്തത്. മഴയെ തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ അലകനാൽ ജോയിയുടെ വീടിന്റെ മുകൾഭാഗത്താണ് വനാതിർത്തിയിൽ ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയതിനെ തുടർന്ന് ജോയിയുടെ വീടിന്റെ ഒരുഭാഗം തകർന്നു. കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടർന്ന് ഇരട്ടപ്പാലം കലുങ്കിന്റെ അടിയിൽ ഇവ വന്നടിഞ്ഞു.
തുടർന്ന് റോഡിലേക്ക് വെള്ളം കയറിയൊഴുകി അരിവിളഞ്ഞപൊയിൽ-ജോസ്ഗിരി റോഡും തകർന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഒഴുകിയെത്തിയ മണ്ണും ചെളിയും കല്ലും നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തുള്ളവർ ഭീഷണിയിലാണ്. ഉരുൾപൊട്ടിയതിനെ തുടർന്ന് പുഴകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.