കോട്ടയം: ഗാന്ധിനഗറിൽ അഞ്ചര കിലോ കഞ്ചാവുമായി പിടിയിലായ ഒഡീഷ സ്വദേശി സുശാന്ത് കുമാർ സാഹുവിന്റെ മൊബൈൽ ഫോണിൽ നിന്ന് പോലീസിന് കിട്ടിയത് കോട്ടയത്തെ പ്രമുഖ കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങൾ. ഗാന്ധിനഗറിലും പരിസരങ്ങളിലുമുള്ള 10 പേരുടെ ഫോണ് നന്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജ് ആശുപത്രി ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നിരീക്ഷിക്കാനായി പ്രത്യേക പോലീസിനെ നിയോഗിച്ചു. മഫ്തിയിലുള്ള പോലീസ് കഞ്ചാവ് വിൽപനക്കാരുടെ പിന്നാലെയുണ്ട്.
ഇവരുടെ ഓരോ നീക്കവും നിരീക്ഷിക്കാനാണ് നിർദേശം. സുശാന്ത് കുമാർ സാഹു പിടിയിലായതോടെ ഇവർ കഞ്ചാവിനായി മറ്റാരെയെങ്കിലും ആശ്രയിക്കുന്നുണ്ടോ എന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. ഇവരിൽ ചിലരെ അടുത്ത ദിവസം പിടികൂടിയേക്കും. വീണ്ടുമൊരു കഞ്ചാവ് വേട്ടയ്ക്ക് പോലീസ് തയാറെടുക്കുകയാണ്. ഒഡീഷ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്ന് കഞ്ചാവ് കൈമാറ്റം നടക്കുന്നത് എവിടെ വച്ചാണെന്നും മറ്റുമുള്ള വിവരങ്ങൾ ലഭിച്ചു.
കഞ്ചാവ് വിൽപനക്കാരുടെ രഹസ്യ കേന്ദ്രങ്ങളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ നിർദേശ പ്രകാരം ഗാന്ധിനഗർ സിഐ അനൂപ് ജോസ് , എസ്ഐ ടി.എസ്.റെനീഷ് എന്നിവരാണ് അന്വേഷണം നടത്തുന്നത്. രണ്ടാഴ്ച മുൻപ് കൈപ്പുഴ ഭാഗത്തു നിന്ന് കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു.
ഇയാൾക്ക് കഞ്ചാവ് എവിടെ നിന്നാണ് കിട്ടുന്നതെന്ന അന്വേഷണത്തിലാണ് ഒഡീഷ സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചത്. ഗാന്ധിനഗർ, മെഡിക്കൽ കോളജ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പോലീസിന് നേരത്തേ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും ആഴ്ചകളായി ഗാന്ധിനഗർ പോലീസ് ഉൗർജിതമായി അന്വേഷണം നടത്തി വരവേയാണ് കഞ്ചാവ് കൊണ്ടുവരുന്നയാൾ അടക്കമുള്ളവരെ പിടികൂടാൻ സാധിച്ചത്.
കോട്ടയം, മെഡിക്കൽ കോളജ്, ആർപ്പുക്കര, ഏറ്റുമാനൂർ, അതിരന്പുഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കു വിതരണം ചെയ്യുന്നതിനായിട്ടാണു കഞ്ചാവ് എത്തിച്ചതെന്നു ഒഡീഷ സ്വദേശി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. എഎസ്ഐമാരായ തോമസ് ജോസഫ്, എം.പി. സജി, എ.കെ. അനിൽ, നൗഷാദ്, എസ്്സിപിഒ സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഒഡീഷ സ്വദേശിയെ പിടികൂടിയത്.