തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും എറണാകുളത്തെ ഉൾപ്പടെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളം കയറിയ സ്ഥലങ്ങളിൽ പോളിംഗ് ബൂത്തുകൾ സ്കൂളുകളുടെ മുകൾ നിലയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മീണ പറഞ്ഞു. ആകെ 10 പോളിംഗ് ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടെയെല്ലാം തന്നെ പകരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ പോളിംഗ് സമയം വർധിപ്പിക്കുമെന്നും മീണ കൂട്ടിച്ചേർത്തു.