ചങ്ങനാശേരി: ഡ്രൈവർമാരില്ലാത്തതുമൂലം ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിൽ ആകെയുള്ള എഴുപത് സർവീസുകളിൽ ദിനംപ്രതി പകുതിയിലേറെ സർവീസുകൾ റദ്ദുചെയ്യുന്നു. താല്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതുമൂലം കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായാണ് ചങ്ങനാശേരി ഡിപ്പോയിലെ സർവീസുകൾ പ്രതിസന്ധിയിലായത്.
ഇതുമൂലം ഹൈറേഞ്ച് സെക്ടറിലേക്കും ദേശസാൽകൃത റൂട്ടുകളായ കാവാലം, കൃഷ്ണപുരം, ആലപ്പുഴ, എടത്വാ, ചന്പക്കുളം, വെളിയനാട്, പുളിങ്കുന്ന്, മുട്ടാർ റൂട്ടുകളിലും യാത്രാദുരിതം അതിരൂക്ഷമായി. ഇതോടെ ഡിപ്പോയിലെ വരുമാനം കുത്തനെ ഇടിഞ്ഞു.
ചങ്ങനാശേരി ഡിപ്പോയിൽ എഴുപത് സർവീസുകളാണുള്ളത്. ഇതിനായി എണ്പതു ബസുകളുമുണ്ട്. എന്നാൽ ദിനംപ്രതി നാല്പതു സർവീസുകളിൽ കൂടുതൽ ഓടിക്കാൻ കഴിയുന്നില്ല. 49 താല്ക്കാലിക ഡ്രൈവർമാരെയാണ് ഈ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ടത്. സ്ഥിരംജീവനക്കാരായ 113 ഡ്രൈവർമാരെകൊണ്ടാണ് ഇപ്പോൾ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്.
സർവീസുകൾ പൂർണമായും ഓടിയിരുന്ന സമയത്ത് ഈ ഡിപ്പോയിൽ ശരാശരി എട്ടുലക്ഷം രൂപവരെ കളക്ഷൻ ലഭിച്ചിരുന്നു. സർവീസുകൾ വെട്ടിക്കുറച്ചതോടെ 5.25 ലക്ഷത്തിലേക്ക് കളക്ഷൻ കുറഞ്ഞിട്ടുണ്ട്. അതേസമയം സെർവർ തകരാറിലായതോടെ ചങ്ങനാശേരി ഡിപ്പോയിലെ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളുടെ പ്രവർത്തനവും നിലച്ചു. ഇതുമൂലം കഴിഞ്ഞ രണ്ടു ദിവസമായി കണ്ടക്ടർമാർ മാനുവൽ റാക്കുപയോഗിച്ചാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത്.
ഇത് കണ്ടക്ടർമാരിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തിരുവനന്തപരും സെൻട്രൽ ഡിപ്പോയിലെ സെർവറും ചങ്ങനാശേരിക്കൊപ്പം തകരാറിലായിട്ടുണ്ട്. പത്തനംതിട്ട, പുനലൂർ, ചാത്തന്നൂർ ഡിപ്പോകളിൽ സെർവർ തകരാറിനെ തുടർന്ന് ആ സ്റ്റേഷനുകളിലെ കണ്ടക്ടർമാരും കഴിഞ്ഞ ഒന്നരമാസക്കാലമായി മാനുവൽ റാക്ക് ഉപയോഗിച്ചാണ് ടിക്കറ്റ് നൽകി വരുന്നത്.