തുറവൂര്‍: കോരിച്ചൊരിയുന്ന മഴയിലും അരൂരില്‍ സമ്മദിദായകര്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക്. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക ബൂത്തുകളിലും രാവിലെ മുതല്‍ നീണ്ട ക്യൂ കാണപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാവിലെ തന്നെ സ്ത്രീ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക് എത്തിയത് വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴ സ്ഥാനാര്‍ഥികളിലും പ്രവര്‍ത്തകരിലും ആശങ്ക പടര്‍ത്തുന്നുണ്ട്.
ശക്തമായ മഴയാണ് ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും ചിലയിടങ്ങളില്‍ വീശുന്നുണ്ട്. ഇതു വോട്ടിംഗ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രധാന മുന്നണിയുടെ പ്രവര്‍ത്തകര്‍. ചില വോട്ടിംഗ് കേന്ദ്രങ്ങളിലെ വോട്ടിംഗ് മെഷീന് പണിമുടക്കിയെങ്കിലും ഉടന്‍ തന്നെ ഇത് പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
1,91,000 സമ്മതിദായകര്‍ക്കായി 183 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് അരൂര്‍ മണ്ഡലത്തിലുള്ളത്. 94103 മൂന്ന് പുരുഷ വോട്ടര്‍മാരും 97745 സ്ത്രീ വോട്ടര്‍മാരുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. അരൂര്‍ നിയോജക മണ്ഡലത്തില്‍ മുപ്പത്തിയാറ് പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ പ്രത്യേക സുരക്ഷയ്ക്ക് സേനയേയും കാമറകളും സജീകരിച്ചിട്ടുണ്ട്.
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും, ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മനു.സി.പുളിക്കലും, എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവും തമ്മിലുള്ള ത്രികോണമത്സരമാണ് അരൂരില്‍ പ്രധാനമായും നടക്കുന്നത്. മൂന്നു സ്ഥാനാര്‍ഥികളും വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ മൂന്നു സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.