തൃശൂർ: കനത്ത മഴയിൽ എറണാകുളം ഭാഗത്തെ സ്റ്റേഷനും റെയിൽവേ ട്രാക്കും മുങ്ങിയതിനാൽ തൃശൂരിൽ നിന്ന് രാവിലെ കടന്നു പോയ ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. രാവിലെ ആറിന് കടന്നു പോയ ഐലന്റ് എക്സ്പ്രസും പിന്നീട് വന്ന പാസഞ്ചർ ട്രെയിനുകളും പിടിച്ചിട്ടു. കേരള എക്സ്പ്രസ് ചാലക്കുടിയിൽ പിടിച്ചിട്ടെങ്കിലും എറണാകുളം നോർത്തിലൂടെ കടത്തിവിടാനായി വേഗത കുറച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ തൃശൂരിൽ നിന്ന് പുറപ്പെട്ട ട്രെയിനുകൾക്ക് ഇവിടേക്ക് എത്താനാകാത്ത സാഹചര്യമാണ്. മൂന്നു മണിക്കൂറെങ്കിലും ട്രെയിനുകൾ വൈകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
ഗുരുവായൂർ-എറണാകുളം പാസഞ്ചർ ചാലക്കുടിയിലും പുനലൂർ പാസഞ്ചർ ആലുവയിലുമാണ് പിടിച്ചിട്ടിരിക്കുന്നത്. ഇന്റർസിറ്റി എറണാകുളം ടൗണിൽ പിടിച്ചിട്ടിരിക്കയാണ്. ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് തിരിച്ചു പോരുന്നതിനായി ഇതുവഴി തൃശൂർ ഭാഗത്തേക്ക് വരുന്ന ദീർഘദൂര ട്രെയിനുകൾ നിർത്തി കൊടുക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.