തിരുവനന്തപുരം: ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകൾക്കു സമീപവും ജലാശയങ്ങളുടെ തീരത്തും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയുടെ തീരപ്രദേശത്തും മലയോര മേഖലകളിലും ജലാശയങ്ങൾക്കു സമീപമുള്ള മേഖലകളിലും അടുത്ത 48 മണിക്കൂർ സമയത്തേക്ക് വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.