കണ്ണൂർ: കണ്ണൂർ ജില്ലാ ബാങ്കിൽ പട്ടാപകൽ കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ചിന്ന സേലത്തെ വെട്രിവേലിനെ (29) യാണ് ടൗൺ എസ്ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് ജില്ലാ ബാങ്കിൽ കവർച്ച നടന്നത്.
ബാങ്ക് ഓഡിറ്റോറിയത്തിൽ കടന്ന മോഷ്ടാവ് ടോയ്ലറ്റിന്റെ ടാപ്പ്, ഫയർ സേഫ്റ്റി മിഷന്റെ വാൾവ്, പൈപ്പ് ഫിറ്റിംഗ്സ്, വാട്ടർ ടാപ്പ് തുടങ്ങിയവ കവർച്ച ചെയ്യുകയായിരുന്നു. ജില്ലാ ബാങ്ക് അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലാകുന്നത്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് മോഷ്ടിച്ച സാധനങ്ങൾ ചാക്കിലാക്കി കടത്തുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.നിർമാണത്തിലിരിക്കുന്ന വീടുകളാണ് വെട്രിവേലിന്റെ പ്രധാന മോഷണ കേന്ദ്രങ്ങൾ. വീടുകളിൽ കയറുന്ന ഇയാൾ നിർമാണ സാമഗ്രഹികളാണ് മോഷ്ടിക്കുന്നത്.
വയറിംഗ്, പബ്ലിംഗ് തുടങ്ങിയ സാധനങ്ങളാണ് വീട്ടിൽ നിന്നും മോഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം തളാപ്പ് ചിന്മയ ബാലഭവനിൽ നിന്നും സോളാർ പാനൽ മോഷ്ടിച്ചിരുന്നു. ഞായറാഴ്ചകളിലാണ് ഇയാൾ മോഷണത്തിനായി നീക്കി വയ്ക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ണൂർ പോലീസ് ഇയാളുടെ പിന്നാലെയായിരുന്നു.