ആലക്കോട്: വിദേശത്ത് ജോലി വാഗ്ദാനം നല്കിയ ശേഷം പണം തട്ടിയെടുക്കുന്നതായിരുന്നു തിരുവനന്തപുരത്ത് അറസ്റ്റിലായ ആലക്കോട് അരങ്ങം സ്വദേശിയുടെ പ്രധാന തട്ടിപ്പ് രീതി. നിരവധി തട്ടിപ്പു കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പഞ്ചായത്ത് ഓഫീസിനു സമീപത്തെ വടക്കേടത്ത് കെ. രാജനെയാണ് (50) ആലക്കോട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പുകൾ നടത്തി ആഡംബര ജീവിതം നടത്തി വരുന്നതിനിടെ തിരുവനന്തപുരത്ത് തന്പാനൂരിൽ വച്ചാണു പോലീസ് പിടിയിലാകുന്നത്. രാജൻ അസോസിയേറ്റ്സ് എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു.വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ ഇയാൾക്കെതിരേ ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകൾ ഉണ്ട്.
ജോലി നൽകാമെന്നു പറഞ്ഞ് പണം തട്ടിയശേഷം പരാതി നൽകുന്നവർക്ക് ചെക്ക് നൽകി മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്. 2011 ൽ തേർത്തല്ലി സ്വദേശിയായ ശശി എന്നയാളിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 1.10 ലക്ഷം രൂപ വാങ്ങുകയും പിന്നീട് ജോലി ലഭിക്കാതെ വന്നപ്പോൾ ശശി പരാതി നൽകുകയുമായിരുന്നു. തളിപ്പറന്പ്, പയ്യന്നൂർ കോടതികൾ വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണു രാജൻ.
പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ചെക്ക് കേസിൽ വാറണ്ട് പ്രതികൂടിയാണ്. ആലക്കോട് സിഐ കെ.ജെ. വിനോയി, എസ്ഐ എം.വി. ഷിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷറഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർ ജെൽസൺ തോമസ് എന്നിവരടങ്ങുന്ന സംഘമാണു തിരുവനന്തപുരത്ത് നിന്നും രാജനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.