പത്തനംതിട്ട: കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പിന് മഴ വെല്ലുവിളിയാകുമോയെന്ന ആശങ്കകൾക്കിടയിലാണ് ഇന്നലെ പ്രഭാതം ഉണർന്നത്. കോരിച്ചൊരിയുന്ന മഴയായിരുന്നു മണ്ഡലത്തിലുടനീളം.
എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലന്ന് പോളിംഗ് ശതമാനം തെളിയിച്ചു. ഏറ്റവുമൊടുവിലത്തെ കണക്കിൽ 70.07 ശതമാനമാണ് പോളിംഗ്. മണ്ഡലത്തിലെ 1,97,956 വോട്ടർമാരിൽ 1,38,708 പേരാണ് വോട്ടു ചെയ്തിരിക്കുന്നത്.
സ്ത്രീ വോട്ടർമാരിൽ 72 ശതമാനവും പുരുഷന്മാരിൽ 69.02 ശതമാനവും പോളിംഗ് ബൂത്തിലെത്തി. 93533 പുരുഷ വോട്ടർമാരിൽ 64565 പേരും 1,04,422 സ്ത്രീ വോട്ടർമാരിൽ 74,143 പേരും വോട്ടു ചെയ്തു. രാവിലെ ഏഴിന് പോളിംഗ് ആരംഭിക്കാൻ തന്നെ കഴിയുമോയെന്ന ആശങ്ക പലയിടത്തുമുണ്ടായി.
വെളിച്ചക്കുറവും വൈദ്യുതി തകരാറുമൊക്കെ ആദ്യ മണിക്കൂറുകളിൽ പ്രശ്നമായെങ്കിലും 212 ബൂത്തുകളിലും പോളിംഗ് ഒരേ പോലെ തുടങ്ങി.ഏപ്രിലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ 74. 24 ശതമാനവും 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 73.19 ശതമാനവുമായിരുന്നു കോന്നിയിലെ പോളിംഗ്.
കനത്ത മഴദിനത്തിലും 70 ശതമാനത്തിനപ്പുറത്തേക്ക് പോളിംഗെത്തിക്കാനായത് നേട്ടമാണ്. മഴ ഉയർത്തുന്ന ഭീഷണിയെയും വെല്ലുവിളിച്ച് വോട്ടർമാരുടെ ഒഴുക്ക് ഒന്പതോടെ കണ്ടു തുടങ്ങി. കുടയും ചൂടി വോട്ട് ചെയ്യാനെത്തുന്നവരെ എല്ലായിടത്തും കാണാനായി. ബൂത്തുകൾക്കു മുന്പിൽ മഴ നനയാതെ നിൽക്കാൻ സൗകര്യമുണ്ടായില്ല. പത്തോടെ മിക്ക ബൂത്തുകൾക്കു മുന്പിലും വോട്ടു ചെയ്യാൻ നീണ്ടനിരയായി.
വയോധികരും ശാരീരിക ന്യൂനതയുള്ളവരുമൊക്കെ വെല്ലുവിളികൾ ഏറ്റെടുത്ത് ജനാധിപത്യവകാശം വിനിയോഗിക്കാനെത്തി. പരസഹായത്തോടെ വോട്ടു ചെയ്യാനെത്തിയവരും നിരവധിയാണ്. രാവിലെ ബൂത്തുകൾക്കു മുന്പിൽ തിരക്കുണ്ടായില്ലെങ്കിലും ഉച്ചയോടെ പലയിടങ്ങളിലും നല്ല തിരക്കുണ്ടായി.
തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ രാവിലെ 11 മുതൽ വോട്ടിംഗ് അവസാനിക്കുന്നതുവരെയും നല്ല തിരക്കുണ്ടായി. 1200ലധികം വോട്ടർമാരുള്ള ബൂത്തുകളിലേക്ക് ഉച്ചകഴിഞ്ഞതോടെ ഓരോ ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചാണ് വോട്ടിംഗ് ജോലികൾ വേഗത്തിലാക്കിയത്. ആദ്യത്തെ ഒരു മണിക്കൂറിൽ 3.26 ശതമാനമായിരുന്നു പോളിംഗ്. 8.30ന് 5.57 ശതമാനമായി. ഒന്പതിന് 5.87, 10ന് 14.61, 11ന് 25.43, 12ന് 27.51, 12നവ് 33.21. ഉച്ചയ്ക്ക് ഒന്നിന് 42.23 ശതമാനത്തിലേക്ക് പോളിംഗെത്തിയപ്പോൾ മുൻകാല തെരഞ്ഞെടുപ്പുകളുടെ നിലയിലേക്ക് ശതമാനം ഉയരുമെന്ന് വ്യക്തമായി.
ഉച്ചയ്ക്കു മുന്പായി 43.72 ശതമാനം പുരുഷൻമാരും 40.90 ശതമാനം സ്ത്രീകളും വോട്ടു രേഖപ്പെടുത്തിയിരുന്നു.1.30ന് 45.01 ശതമാനമായി പോളിംഗ് ഉയർന്നു. രണ്ടിന് 47.93 ശതമാനമായി ഉയർന്നു. മൂന്നിന് 55.71 ശതമാനം, നാലിന് 62.38 ശതമാനം എന്ന നിലയിലായി പോളിംഗ്.
അഞ്ചിന് 67.40 ശതമാനത്തിലെത്തി പോളിംഗ്.വിവിപാറ്റ് തകരാറിലായ ചില ബൂത്തുകളിൽ ഇവ മാറ്റി നൽകി. പോളിംഗ് തടസപ്പെടുന്നതുമായ വിഷയങ്ങളിൽ അടിയന്തര നടപടികൾക്ക് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു.