കോട്ടയം: ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ പള്ളിയിലെ ശുശ്രൂഷകൾക്ക് പാടാനും സംസർഗ ശുശ്രൂഷയ്ക്കു കുരിശുരൂപം സംവഹിക്കാനും അഫീൽ വരില്ല. പാലായിൽ അത്ലറ്റിക് മീറ്റിനിടയിൽ ഹാമർ തലയിൽ വീണു മരണത്തിനു കീഴടങ്ങിയ അഫീൽ ജോണ്സണ് ചൊവ്വൂർ സെന്റ് മാത്യൂസ് സിഎസ്ഐ പള്ളി ഗായക സംഘത്തിലെ അംഗമായിരുന്നു.
കുറിഞ്ഞാംകുളത്ത് ജോണ്സന്റെയും ഡാർളിയുടെയും ഏക മകൻ. പള്ളിയിലെ ഏതു കാര്യത്തിനും മുന്നിൽ നിന്ന ശുശ്രൂഷിയാണ് അഫീലെന്ന് വികാരി ഫാ. ബിജു ജോസഫ് പറഞ്ഞു. പിതാവ് ജോണ്സണ് കൂലിവേലയിൽനിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് അഫീലിനെ പഠിപ്പിച്ചിരുന്നത്. അമ്മ ഡാർളി തൊഴിലുറപ്പു തൊഴിലാളി. സ്പോർട്സ് എന്നും ആവേശമായിരുന്ന അഫീൽ പള്ളിമൈതാനത്തെ ഫുട്ബോൾ കളിക്കാരനായിരുന്നു.
അപകടമറിഞ്ഞതു മുതൽ ഇടവകക്കാർ പ്രാർഥനയിലായിരുന്നു. 130 ഇടവക കുടുംബങ്ങളിലും മുടങ്ങാതെ പ്രാർഥനകൾ. ഇന്നലെ വൈകുന്നേരം തങ്ങളുടെ പ്രിയ മകനെ നഷ്ടപ്പെട്ട വാർത്ത ചൊവ്വൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഫാ. ബിജു ജോസഫിന്റെയും തലനാട് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെയും നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളും ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
ആ സ്വപ്നം ബാക്കിയായി…
പാലാ: കാൽപ്പന്തിൽ ഉയരങ്ങൾ തേടാൻ മോഹിച്ച താരമായിരുന്നു അഫീൽ ജോണ്സണ്. ആ മോഹമാണ് പാലായിൽ അഫീലിനെ പഠനത്തിന് എത്തിച്ചതും. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോർലൈൻ സ്പോർട്സ് അക്കാദമിയിലേക്ക് ഫുട്ബോൾ പരിശീലനത്തിന് സെലക്ഷൻ ലഭിച്ചിക്കെയാണ് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ്ബാച്ച് വിദ്യാർഥിയായ അഫീൽ അപകടത്തിൽപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സ് സ്കോർലൈൻ സ്പോർട്സും പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷനും ചേർന്നാണ് ഫുഡ്ബോൾ പരിശീലനം നൽകിയിരുന്നത്.
പാലായിൽ മുപ്പതിലേറെ വിദ്യാർഥികളാണ് വിവിധ വിഭാഗങ്ങളിലായി ഫുട്ബോൾ പരിശീലനം നേടുന്നത്. നിലവിൽ രണ്ടു പേർക്ക് മാത്രമാണ് സ്കോർലൈൻ അക്കാഡമിയിലേക്കു പ്രവേശനം ലഭിച്ചിരുന്നത്. 16 വയസിൽ താഴെയുള്ള വിഭാഗത്തിലായിരുന്നു സെലക്ഷൻ ലഭിച്ചിരുന്നത്. ഏതാനും മാസം മുന്പ് വിദേശപരിശീലകൻ ജാവോ പെട്രോയുടെ കീഴിലും അഫീൽ പരിശീലനം നേടിയിരുന്നു.