കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോളും, മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോളും യുഡിഎഫിനു മൂന്നു സീറ്റും എൽഡിഎഫിനു രണ്ടു സീറ്റുമാണു പ്രവചിക്കുന്നത്. രണ്ട് എക്സിറ്റ് പോളുകളും അരൂരിൽ ഫോട്ടോഫിനിഷിലൂടെ എൽഡിഎഫ് മുന്നിലെത്തുമെന്നും പ്രവചിക്കുന്നു.
വട്ടിയൂർക്കാവിൽ ഫോട്ടോഫിനിഷെന്ന് മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ പറയുന്പോൾ, മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോൾ പറയുന്നത് വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിലൂടെ എൽഡിഎഫ് ജയിക്കുമെന്നാണ്.
കോന്നിയിൽ എൽഡിഎഫിനാണ് മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ സാധ്യത പ്രവചിക്കുന്നത്. അതേസമയം, കോന്നിയിൽ യുഡിഎഫ് 41 ശതമാനം വോട്ടുമായി വിജയിക്കുമെന്ന് മാതൃഭൂമി-ജിയോവൈഡ് എക്സിറ്റ് പോൾ പറയുന്നു.
മഞ്ചേശ്വരം യുഡിഎഫ് നിലനിർത്തുമെന്ന് മനോരമ, മാതൃഭൂമി എക്സിറ്റ് പോളുകൾ ഒരേസമയം പറയുന്നു. അരൂരിൽ മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ പ്രവചിക്കുന്നത് ഫോട്ടോ ഫിനിഷാണ്. അരൂരിൽ എൽഡിഎഫിന്റെ മനു സി.പുളിക്കൽ തന്നെ വിജയിക്കുമെന്നാണ് മാതൃഭൂമിയുടെ എക്സിറ്റ് പോൾ പറയുന്നത്.
എറണാകുളത്ത് യുഡിഎഫിന്റെ വിജയമാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എറണാകുളത്തു യുഡിഎഫ് അനായാസം ജയിക്കുമെന്ന് മനോരമ-കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോളും പറയുന്നു.
വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണം യുഡിഎഫിന്റെയും ഒരെണ്ണം എൽഡിഎഫിന്റെയും കൈവശമാണ്.