തളിപ്പറമ്പ്: കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബംപറിന്റെ സമ്മാനാർഹനെ ചൊല്ലി ദുരൂഹത. സംഭവത്തിൽ തമിഴ്നാട് സ്വദേശിയുടെ പരാതിയിന്മേൽ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ഇതോടെ സമ്മാനത്തുക നൽകുന്നതു ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നേരത്തെ പറശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു സമ്മാനാർഹമായ മൺസൂൺ ബംപർ ലോട്ടറി ടിക്കറ്റ്. അജിതൻ ടിക്കറ്റ് കാനറാ ബാങ്കിന്റെ പുതിയതെരു ശാഖയിൽ നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിനെതിരെ കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുനിയൻ പരാതിയുമായി രംഗത്തുവരികയായിരുന്നു.
ബംപർ സമ്മാനമടിച്ച ടിക്കറ്റ് തന്റെ കൈവശമുണ്ടായിരുന്നതാണെന്നാണു പരാതി. ടിക്കറ്റെടുത്തയുടൻ ലോട്ടറിക്കു പിറകിൽ തന്റെ പേരെഴുതിവച്ചിരുന്നു. എന്നാൽ ചിലർ ടിക്കറ്റ് തട്ടിയെടുത്തു കൈക്കലാക്കിയ ശേഷം തന്റെ പേര് മായ്ച്ചു കളഞ്ഞു സമ്മാനത്തുക തട്ടിയെടുത്തുവെന്നാണു പരാതി.
അതേസമയം പറശിനിക്കടവിലെ ചില ഉന്നതർ കള്ളപ്പണം വെളുപ്പിക്കാൻ മറ്റൊരാളിൽ നിന്നും സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയെന്ന പ്രചാരണവും നിലനിൽക്കുന്നുണ്ട്. ആ പ്രചാരണത്തിനു പിന്നാലെ മുനിയന്റെ പരാതി കൂടി വന്നതോടെ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ടിക്കറ്റ് വില്പന നടത്തിയ ഏജന്റിൽ നിന്നും തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാർ മൊഴിയെടുത്തു. വിവരങ്ങളൊന്നും പുറത്തുവിടാതെ രഹസ്യമായാണു പോലീസ് അന്വേഷണം നടത്തുന്നത്.