കോഴിക്കോട് നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. വിവാഹം ശുഭകരമായി നടന്നെങ്കിലും അതിനു ശേഷം നടന്ന കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു അപ്രത്യക്ഷയാകുകയായിരുന്നു. പെണ്ണിന്റെ അകന്ന ബന്ധു തന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യയും ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന് മകളെ കാണാനില്ലെന്ന് നല്കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുകയും തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു. കാണാതെ വന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. കാമറ പരിശോധിക്കുകയായിരുന്നു.
കാമറയില്‍ കണ്ടത് വധു ഒരു കാറില്‍ കയറി പോകുന്നതായിരുന്നു. ആറു വര്‍ഷം മുമ്പ് പരിചയത്തിലായ പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പൊക്കുന്നുള്ള കടയില്‍ ആറ് വര്‍ഷത്തോളം യുവതി ജോലിചെയ്തിരുന്നു. പൊക്കുന്നില്‍ തന്നെയാണ് വധുവിന്റെ അച്ഛന്റെ വീട്.