കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ജാമ്യം നിഷേധിക്കപ്പെട്ട സിപിഐ നേതാക്കൾ കീഴടങ്ങി. എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരടക്കം 10 പേരാണ് ഇന്നു രാവിലെ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
സിപിഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉൾപ്പെടെ പത്തു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാനും സിംഗിൾബെഞ്ച് നിർദേശം നൽകിയിരുന്നു. പ്രതികൾ കീഴടങ്ങിയാൽ അന്നുതന്നെ മജിസ്ട്രേട്ട് മുന്പാകെ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈ 23 ന് നടന്ന മാർച്ച് അക്രമാസക്തമായതിനെത്തുടർന്നു പ്രതികൾക്കെതിരെ ഇന്ത്യാ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണു കേസെടുത്തത്.
എൽദോ എബ്രഹാം എംഎൽഎയ്ക്കു പുറമേ പി. രാജു, കെ.എൻ. സുഗതൻ, അസലഫ് പാറേക്കാടൻ, കെ.കെ. അഷറഫ്, മുണ്ടക്കയം സദാശിവൻ, ആൽവിൻ സേവ്യർ, പി.കെ. സതീഷ് കുമാർ, എം.എം. ജോണ്, ടി.സി. സഞ്ജിത്ത് എന്നിവരാണു പ്രതികൾ. ഇവരെല്ലാം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.