കൊല്ലം: ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ കുമ്മിൾപഞ്ചായത്തിൽ നിന്നും വൻതോതിൽ പാറ ഖനനം നടത്തുന്നതിന് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് പിൻതിരിയണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ജില്ലാ കളക്ടറോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച നിവേദനം ജില്ലാ കളക്ടർക്കു കൈമാറി. പാറക്വാറികളുടെ ആധിക്യം മൂലം പാരിസ്ഥിതികമായി ശ്വാസംമുട്ടുന്ന, 1946 ഹെക്ടർ മാത്രം വിസ്തൃതിയുള്ള കുമ്മിൾ പഞ്ചായത്തിൽ പത്തോളം കരിങ്കൽ ക്വാറികളാണ് ഉള്ളത്. ഇതിൽ നാല് എണ്ണം ഇപ്പോഴും ഖനനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതിക്കെന്ന പേരിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കം.
പാറ ഖനനം നടത്താൻ കഴിയുന്ന പ്രദേശങ്ങൾ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കണ്ടെത്തി പ്രത്യേകം വിജ്ഞാപനം ചെയ്യുക, പാറഖനനം പൂർണമായും സർക്കാർ മേഖലയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ഭൂമിയുടെ പ്രകൃതിദത്ത ഉപയോഗത്തെ അടിസ്ഥാനമാക്കി സംസ്ഥാന അടിസ്ഥാനത്തിൽ ബാധകമായ സൊണേഷൻ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം.