മുംബൈ: വോട്ടിംഗ് മെഷീനിലെ ഏതു ചിഹ്നത്തിൽ അമർത്തിയാലും വോട്ട് വീഴുന്നത് ഭരണകക്ഷിയായ ബിജെപിക്ക്. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്താരയിലാണു സംഭവം. ചൊവ്വാഴ്ച മഹാരാഷ്ട്ര ടൈംസാണ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്.
വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വോട്ട് ചെയ്തതു മാറിപ്പോയെന്നു കാണിച്ച് കൊറേഗാവ് മണ്ഡലത്തിലെ നാവ്ലെവാഡി ഗ്രാമത്തിൽനിന്നുള്ള വോട്ടർമാർ ഉദ്യോഗസ്ഥരെ സമീപിച്ചു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ല. ഇതോടെ വോട്ടർമാർ പോലീസിനെ സമീപിച്ചു. തുടർന്നു പോലീസ് ഇടപെട്ടു വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് എല്ലാ വോട്ടുകളും പോയതു ബിജെപിക്കാണെന്നു വോട്ടർമാർ തിരിച്ചറിഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചു. അപ്പോഴേക്കും 293 പേർ വോട്ട് രേഖപ്പെടുത്തി പോയിരുന്നു. തുടർന്ന് പോളിംഗ് ബൂത്തിലെ മുഴുവൻ ഇവിഎമ്മുകളും മാറ്റി പുതിയ മെഷീനുകൾ സ്ഥാപിച്ചു. റീ പോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അംഗീകരിച്ചില്ല. സംഭവത്തിൽ വോട്ടർമാർ പോളിംഗ് ബൂത്ത് ഓഫീസർക്കു പരാതി നൽകിയിട്ടുണ്ട്.
സത്താരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണ് ലോക്സഭയിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നത്. എൻസിപി നേതാവ് ഉദയൻരാജെ ഭോസ്ലെ രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.