ചെങ്ങന്നൂർ: ചെറുകിട വ്യാപാരിയുടെ കട സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചതായി പരാതി. നെടുവരംകോട് മണപ്പുഞ്ചയിൽ സത്യപാലന്റെ പെട്ടിക്കടയാണ് കഴിഞ്ഞ രാത്രി അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്. നെടുവരംകോട് ആൽത്തറയ്ക്ക് സമീപം കഴിഞ്ഞ 20 വർഷമായി പെട്ടിക്കട നടത്തി വരുന്നയാളാണ് സത്യപാലൻ.
പൂജാ സാധനങ്ങളും സ്റ്റേഷനി സാധനങ്ങളുമാണ് ഇവിടെ വിറ്റുവന്നിരുന്നത്. ഭാര്യയ്ക്ക് അസുഖമായതിനാൽ കഴിഞ്ഞ 22 ദിവസങ്ങളായി സത്യപാലൻ കട തുറന്നിരുന്നില്ല. രാവിലെയും വൈകുന്നേരവും മാത്രമായിരുന്നു കട തുറന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തോടെ കടയ്ക്ക് തീപിടിച്ചുവെന്നും രണ്ട് യുവാക്കൾ ബൈക്കിൽ കയറി പോയതായും ഇതിനു സമീപമുള്ള ഫെഡറൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ സത്യപാലനെ അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സത്യപാലന്റെ ഏക വരുമാനമാർഗമായിരുന്നു പെട്ടിക്കട. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതു സംബന്ധിച്ച് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സത്യപാലൻ.