വൈപ്പിൻ: വെള്ളപ്പൊക്കത്തെ തുടർന്നു ദുരിത ബാധിതരായി ക്യാന്പുകളിൽ കഴിയുന്നവരെ ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്ദർശിച്ചു. ക്യാന്പിൽ കഴിയുന്നവരുടെ ദുഃഖങ്ങളും ദുരിതങ്ങളും കേട്ടറിഞ്ഞ് അവരെ ആശ്വസിപ്പിച്ചും അവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചുമാണ് എസ്പിയും സംഘവും മടങ്ങിയത്.
ക്യാന്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം നായരന്പലം ദേവി വിലാസം സ്കൂളാണ് എസ്പി സന്ദർശിച്ചത്. തുടർന്ന് ഞാറക്കൽ പഞ്ചായത്തിലെ മേരിമാതാ കോളജിലെ ക്യാന്പിലുമെത്തി. ഉച്ചയോടെ ഇവിടെയെത്തിയ എസ്പിക്കും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും ദുരിതബാധിതർ ഭക്ഷണം വിളന്പിയപ്പോൾ എല്ലാവരും പങ്കുകൊള്ളുകയായിരുന്നു.
കുശലാന്വേഷണം നടത്തിയ എസ്പിക്കു മുന്നിൽ ദുരിതബാധിതർ തങ്ങൾക്ക് നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതത്തെക്കുറിച്ച് ആശങ്കയോടെയാണ് സംസാരിച്ചത്. സ്വന്തമായി കിടപ്പാടമില്ലാത്തവർ ഇക്കാര്യവും എസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പോലീസിന്റെ ഭാഗത്തുനിന്ന് എല്ലാ കാര്യങ്ങളിലും വിശദായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്പി ഇവരെ ആശ്വസിപ്പിച്ചു. എസ്പിക്കൊപ്പം റൂറൽ ഡിവൈഎസ്പി ജി. വേണു, ഞാറക്കൽ സിഐ എം.കെ. മുരളി എന്നിവരുമുണ്ടായിരുന്നു.