മാതമംഗലം: അസൗകര്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയ മാതമംഗലം ടൗണിൽ ടാറിംഗ് റോഡിനോടു ചേർന്ന് ലോട്ടറി സ്റ്റാളും കൊടിമരവും സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. മാതമംഗലം ടൗണിൽ റോഡ് നവീകരണം നടത്തിയപ്പോൾ പോലും റോഡിന് ആവശ്യമായ വീതി ലഭ്യമാക്കിയില്ല. അതിനാൽ മലയോരത്തെ പ്രധാന മലഞ്ചരക്ക് ടൗണായ ഇവിടെ ഗതാഗതകുരുക്ക് പതിവാണ്.
പഞ്ചായത്ത് ആസ്ഥാനവും നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങലും പ്രവർത്തിക്കുന്നതിനാൽ വൻതിരക്കാണ് ടൗണിൽ അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് എല്ലാ നിയമങ്ങളും ലംഘിച്ച് റോഡിനോട് ചേർന്ന് ലോട്ടറി സ്റ്റാളും കൊടിമരവും സ്ഥാപിച്ചിരിക്കുന്നത്.
അധികാരികളുടെ കൺമുന്നിൽ തന്നെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.