ശ്രീകണ്ഠപുരം: മഞ്ഞപ്പാറയിലെ അനധികൃത ചെങ്കൽ ഖനനത്തിനെതിരേ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ. കർമസമിതിയുണ്ടാക്കി ചെങ്കൽ ഖനനത്തിനെതിരേ ആറു മാസം മുമ്പ് നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിരുന്നു. പരിസ്ഥിതി നിയമം ലംഘിച്ച് ജന ജീവിതത്തിന് ഭീഷണി സൃഷ്ടിച്ചാണ് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതെന്ന് കാണിച്ചാണ് 150 ഓളം കുടുംബങ്ങൾ ഒപ്പിട്ട പരാതി നൽകിയത്.
തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ശ്രീകണ്ഠപുരം വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് പറയുന്നു.പത്തേക്കറോളം വരുന്ന പ്രദേശത്ത് രാപ്പകൽ വ്യത്യാസമില്ലാതെയാണ് ഖനനം നടക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 200 അടിയോളം ഉയരത്തിൽ ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ പ്രദേശം പൂർണമായും ഖനന മാഫിയകളുടെ കൈകളിലാണിപ്പോൾ. കഴിഞ്ഞ പ്രളയത്തിൽ ഇവിടുന്ന് താഴ് വാരത്തെ വീടുകളിലേക്ക് മണ്ണിടിച്ചിലുണ്ടായിരുന്നതായി പറയുന്നു.
ഇതേത്തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും ക്വാറിക്കെതിരേ നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. കനത്ത മഴ പെയ്താൽ ചെങ്കൽ ക്വാറിയിലെ ചെളിവെള്ളം വീട്ടുകിണറുകളിൽ ഒഴുകിയെത്തി വെള്ളം മലിനമാകുന്ന അവസ്ഥയുമുണ്ട്. ക്വാറികളുടെ പ്രവർത്തനം തടഞ്ഞ് മണ്ണിട്ട് മൂടിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.