സന്തോഷ് പ്രിയൻ
കൊല്ലം: ആലംബഹീനർക്ക് കാരുണ്യസ്പർശമായി ഫയർമാൻ. ചാമക്കട ഫയർസ്റ്റേഷനിലെ ഫയർമാൻ ചവറ മുകുന്ദപുരം മേനാന്പള്ളി ചേമത്ത് വീട്ടിൽ മനോജ് ആണ് ആരോരുമില്ലാത്ത രോഗികൾക്കും തെരുവിൽ കഴിയുന്നവർക്കും സാന്ത്വനമാകുന്നത്.ജോലി കഴിഞ്ഞ് വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ഏതൊരാളും പായുന്പോൾ മനോജ് നേരെ ചെല്ലുന്നത് ജില്ലാ ആശുപത്രിയിലേക്കാണ്.
അവിടെ കൂട്ടിരിപ്പുകാരില്ലാതെ, ഭക്ഷണം കിട്ടാതെ, പരിചരണം കിട്ടാതെ ഏതെങ്കിലും രോഗി വലയുന്നുണ്ടെങ്കിൽ അവർക്ക് മനോജ് എന്ന മുപ്പത്തിമൂന്നുകാരന്റെ മഞ്ഞുതുള്ളിയുടെ നൈർമല്യം പോലുള്ള സ്നേഹാമൃതം കിട്ടും. ഏതെങ്കിലുമൊരു വാർഡിലെ രോഗിക്ക് ഭക്ഷണമില്ലെങ്കിൽ സ്വന്തം ചെലവിൽ പുറത്തുപോയി വാങ്ങിവന്ന് നൽകും. പരിചരണമാണ് കിട്ടേണ്ടതെങ്കിൽ അടുത്തിരുന്ന് പരിചരിക്കും. ഇനി ഇതെല്ലാം കഴിഞ്ഞ് ഏറെ വൈകി വീട്ടിലേക്ക് പോകുന്പോൾ റോഡരിലിലോ വെയിറ്റിംഗ് ഷെഡിലോ അവശനായി ആരെങ്കിലും കിടക്കുന്നതു കണ്ടാൽ മനോജ് അപ്പോൾതന്നെ ആശുപത്രിയിലെത്തിക്കും.
ജില്ലാ ആശുപത്രിയിലെ മെഡിക്കൽ അനക്സ് വാർഡിൽ ആരുമില്ലാത്ത രോഗികൾക്കും ഭക്ഷണം വാങ്ങി നൽകും. ഫയർഫോഴ്സിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്പ് 2010ൽ കേരള പോലീസിലായിരുന്നു മനോജ്. കോട്ടയത്തായിരുന്നപ്പോൾ ഡ്യൂട്ടി തീരുന്പോൾ മെഡിക്കൽകോളജ് ആശുപത്രിയിൽ പോയി രോഗികളെ സഹായിക്കും. ഭക്ഷണം വേണ്ടുന്നവർക്ക് വാങ്ങിനൽകും. പിന്നീട് തിരുവനന്തപുരം നന്ദാവനം ക്യാന്പിലേക്ക് മാറിയപ്പോൾ അവിടെയും മെഡിക്കൽകോളജ് ആശുപത്രിയിൽ രോഗികൾക്ക് ആശ്വാസവുമായി മനോജ് എത്തി.
2016ലാണ് കൊല്ലം ചാമക്കട ഫയർസ്റ്റേഷനിൽ ജോലിക്ക് കയറിയത്. ഡിസിബി കോഴ്സ് കഴിഞ്ഞിട്ടുള്ള മനോജ് ജോലി ലഭിക്കുന്നതിന് മുന്പ് തന്നെ ഇത്തരം കാരുണ്യപ്രവർത്തനത്തിൽ താൽപര്യം കാട്ടിയിരുന്നതായി പറയുന്നു. അന്ധ -ബധിര സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് വൈകല്യമുള്ള കുട്ടികൾക്ക് സഹായം ചെയ്തും തന്റെ ഉദ്യമം മനോജ് സഫലമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ പോകാൻ തുണയില്ലാത്ത പാവങ്ങളെ ആശുപത്രിയിലെത്തിക്കും.
കുടുംബത്തിന്റെ നല്ല പിന്തുണ ഇതിന് മനോജിന് ലഭിക്കുന്നുണ്ട്. ഭാര്യ ദർശനയും നാലുവയസുകാരി മകൾ വേദികയും മാതാവ് ഗൗരിക്കിട്ടിയമ്മയും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം. പിതാവ് സുന്ദരൻപിള്ള വർഷങ്ങൾക്കു മുന്പ് മരണപ്പെട്ടു. മറ്റൊരു പ്രവർത്തിയിലും ലഭിക്കാത്ത ആത്മസംതൃപ്തി ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ ലഭിക്കുന്നുണ്ടെന്ന് മനോജ് പറയുന്നു.
ലീഡിംഗ് ഫയർമാന്റെ പരിശീലനത്തിന് കടപ്പാക്കട ഫയർഫോഴ്സിൽ എത്തിയപ്പോഴാണ് ജില്ലാഫയർ ഓഫീസർ ഹരികുമാർ മനോജിന്റെ ഈ വ്യത്യസ്തപാതയിലൂടെയുള്ള സഞ്ചാരം തിരിച്ചറിഞ്ഞത്. തന്റെ ഇത്തരം പ്രവർത്തനത്തിന് യാതൊരുവിധ പ്രചാരണവും ആഗ്രഹിക്കാത്ത മനോജിന് ഹരികുമാറിന്റെ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. സഹപ്രവർത്തകരിലും മറ്റും മനോജിന്റെ ഈ രീതി അഭിമാനകരമാണെന്നും ഫയർഓഫീസർ ഹരികുമാർ പറഞ്ഞു.