മുംബൈ: മഹാരാഷ്ട്രയിൽ വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആഘോഷിക്കാനായി ബിജെപി തയാറാക്കിയ ലഡുവിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. വിജയികളെ അണിയിക്കാനുള്ള ഹാരങ്ങളും പാർട്ടി സംസ്ഥാന ഓഫീസിൽ തയാറാണെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
മഹാരാഷ്ട്രയിൽ വ്യക്തമായ ആധിപത്യത്തോടെ ബിജെപി-ശിവസേന സഖ്യം മുന്നേറുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച 242 മണ്ഡലങ്ങളിൽ 168ലും എൻഡിഎ ലീഡ് ചെയ്യുകയാണ്. കോൺഗ്രസ്-എൻസിപി സഖ്യം 66 ഇടത്തിൽ മാത്രമാണ് മുന്നിലുള്ളത്. എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കും വിധമാണ് എൻഡിഎയുടെ മുന്നേറ്റം.
എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ബലത്തിലും കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നതിനാലും തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച മട്ടിലാണ് ബിജെപി. അതിനാല്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ബിജെപി. എന്നാൽ ശരദ് പവാറിന്റെ നേതൃത്വത്തിൽ നടത്തിയ സജീവ പ്രചാരണം നടത്തിയ എൻസിപി-കോൺഗ്രസ് സഖ്യവും പ്രതീക്ഷ കൈവിടുന്നില്ല.