കോട്ടയം: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും മകളുടെയും ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പാന്പാടി വെള്ളൂർ പൊന്നപ്പൻസിറ്റി മണ്ണുകുളങ്ങര വൽസമ്മ (80), മകൾ മിനി (50) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലാണു ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. ഇന്നലെ രാത്രിയിലാണു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അമ്മയും മകളും താമസിച്ചിരുന്ന വീട്ടിൽ രണ്ടു ദിവസമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നതും രണ്ടുദിവസത്തെ പത്രങ്ങൾ വീടിനു പുറത്ത് കിടന്നിരുന്നതും കണ്ടു സംശയം തോന്നിയ അയൽവാസികൾ ഇന്നലെ വൈകുന്നേരം ആറരയോടെ പാന്പാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു പാന്പാടി പോലീസ് സ്ഥലത്തെത്തി വീട് തുറന്നു അകത്തു കയറിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾക്കു രണ്ടു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. വത്സമ്മയും മകൾ മിനിയും അയൽവാസികളുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. വത്സമ്മ നിലത്തും മകൾ മിനി ഉത്തരത്തിൽ തൂങ്ങിയനിലയിലുമാണ് കണ്ടെത്തിയത്.
തുടർന്നു നടത്തിയ പരിശോധനയിലാണു മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നു മിനി എഴുതിയതെന്നു സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തത്. ഇന്നു രാവിലെ തന്നെ സയന്റിഫിക് വിദഗ്ധർ ഉൾപ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയത്. സംഭവത്തിൽ പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.