കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ നഗരസഭയ്ക്കും യുഡിഎഫിനു എതിരെ എൽഡിഎഫ് നടത്തിയ തെറ്റിധാരണാജനകമായ പ്രചരണത്തിനുള്ള തിരിച്ചടിയാണു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ്. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഷ്ടീയംചർച്ച തചെയ്യാൻ സിപിഎം തയാറായില്ല.
സർക്കാർ ഏജൻസികളുടെ ഭാഗത്തെ അലംഭാവവും എൽഡിഎഫ് ഭരിക്കുന്ന ജിസിഡിഎയുടെ അനാസ്ഥയുമൊക്കെ കൊച്ചി കോർപറേഷന്റെ കുറ്റമായി പ്രചരിപ്പിക്കുകയായിരുന്നു സിപിഎമ്മും എൽഡിഎഫ് സ്ഥാനാർഥിയും. അതിനുള്ള മറുപടിയാണ് ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രചരണങ്ങൾ മാത്രമാണ് എൽഡിഎഫ് നടത്തിയത്.
സിപിഎം ഭരിക്കുന്ന ജിസിഡിഎയുടെ കീഴിലുള്ള കലൂർ കതൃക്കടവ് റോഡ് തകർന്ന് കിടക്കുന്നത് പോലും നഗരസഭയുടെ അനാസ്ഥയാണെന്ന രീതിയിൽ പ്രചരിപ്പിച്ചു. 50000 പേർക്ക് കുടിവെള്ളം കൊടുക്കുന്നതിന് കുഴിച്ച തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് സമയബന്ധിതമായി പൂർത്തിയാക്കി തരിച്ചേൽപ്പിക്കുന്നതിൽ വാട്ടർ അതോറിറ്റി വരുത്തിയ വീഴ്ച്ചയ്ക്കും നഗരസഭയെ കുറ്റപ്പെടുത്തി.
വ്യക്തിപരമായ പ്രതിസന്ധിയിലായപ്പോഴും ജനാധിപത്യ ചേരിക്ക് അനുകൂലമായി സമ്മതിദാന അവകാശം നിർവഹിച്ച വോട്ടർമാർക്കും എറണാകുളത്തെ യുഡിഎഫ് പ്രവർത്തകർക്കും വിജയം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തിന് തുല്യമായ പരാജയം: മനു റോയ്
കൊച്ചി: യുഡിഎഫ് അനുകൂല മണ്ഡലത്തിൽ പാർലമെന്ററി രംഗത്ത് അനുഭപരിചയമുള്ള സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനായത് തന്നെ വിജയത്തിന് തുല്യമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി മനു റോയ്. തോൽവി അംഗീകരിക്കുന്നതോടൊപ്പം വിജയം നേടിയ ആത്മവിശ്വാസത്തിലാണ് താൻ. യാഥാർഥ്യം പറഞ്ഞാൽ 1000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ യുഡിഎഫ് സ്ഥാനാർഥിക്ക് നേടാനായുള്ളു.
തന്റെ പേരിൽ യുഡിഎഫ് നിർത്തിയ അപരൻ രണ്ടായിരത്തിലേറെ വേട്ട് പിടിച്ചു. തനിക്ക് കിട്ടേണ്ടതായ വോട്ടുകളായിരുന്നു അത്. മാത്രമല്ല നഗരസഭയുടെ അനാസ്ഥമൂലമുണ്ടായ വെള്ളക്കെട്ട് കാരണം ഉദയ, കരുത്തല, പി ആൻഡ് ടി കോളനികളിലെ 2500 ഓളെ എൽഡിഎഫ് വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ എത്താനായില്ല. മറിച്ചായിരുന്നെങ്കിൽ വിജയം തനിക്കൊപ്പമായിരുന്നേനേം എന്നും മനു റോയ് പറഞ്ഞു.