കോഴിക്കോട്: സംവിധായകൻ വി.എ.ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി വ്യക്തിപരമായതെന്ന് നടൻ ജോയ് മാത്യു. തന്നോട് ഇവരിൽ ആരെങ്കിലും പരാതി പറഞ്ഞാൽ ഇടപെട്ടേനെയെന്നും ജോയ് മാത്യുവാര്ത്താസമ്മേളനത്തില് പറഞ്ഞു.
സിനിമാലോകത്തെ പരാതികൾക്ക് പല കാരണങ്ങളുമുണ്ടാകാം. ഗ്ലാമറിന്റെ ലോകമാണ് സിനിമ. അതുകൊണ്ടുതന്നെ ചില പരാതികൾക്ക് കൂടുതൽ പ്രാധാന്യം കിട്ടും. ചില പരാതികൾ മാനസികരോഗം കൊണ്ടും, ചില പരാതികൾ വാർത്തകൾക്ക് വേണ്ടിയുമാണ്. അവർ തമ്മിലുള്ള പ്രശ്നം അവർ തന്നെ ഇടപെട്ട് തീർക്കുമെന്നാണ് കരുതുന്നത്.
നവ മാധ്യമങ്ങൾ വന്ന ശേഷം ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.ചലച്ചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജുവാര്യര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു പരാതി നൽകിയിരുന്നു. ഇതിനോടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.