മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂരിൽ ദന്പതികൾ അപകടത്തിൽപ്പെട്ടു മരിച്ചതിനെ തുടർന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് നാട്ടുകാരും,ഓട്ടോ ഡ്രൈവർമാരും, വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. പ്രശ്നത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എംപി എൻഎച്ച് അധികൃതർക്ക് താക്കിത് നൽകി. എൻഎച്ച് അധികൃതർ എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് നടപടിയെടുത്തിലെങ്കിൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന് എംപി ഓർമിപ്പിച്ചു.ദേശീയപാതയിലെ റോഡിലെ കുഴിയിൽ വാഴ നട്ടും, മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.
റോഡിലുള്ള കുഴികളാണ് അപകടങ്ങൾ ഉണ്ടാവാൻ പ്രധാനകാരണമെന്ന് നാട്ടുകാർ തറപ്പിച്ചു പറഞ്ഞു. മേലൂർ ഗ്രാമപഞ്ചായത്ത് മെന്പർമാരായ രാജേഷ് മേനോത്ത്, എം.ടി ഡേവീസ്, തൊട്ടടുത്ത പഞ്ചായത്ത് മെന്പർ ജോബി മാനുവൽ തുടങ്ങിയവർ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകി. എംപി ബെന്നി ബഹനാൻ സംഭവസ്ഥലം സന്ദർശിച്ചു.
പിന്നീട് സിപിഎം മേലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സിപിഎം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം കെ. പി. തോമസ് ഉദ്ഘാടനം ചെയ്തു. എം. എം. രമേശൻ അധ്യക്ഷത വഹിച്ചു.
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂരിൽ വാഹാനാപകടമരണങ്ങൾ തുടർക്കഥയാവുന്നു. ദേശീയപാതയിലെ ഏറ്റവും അപകട സാധ്യതയുള്ള മേഖലയായി കുപ്രസിദ്ധിയും മുരിങ്ങൂർ സിഗ്നൽ ജംഗ്ഷൻ നേടിയെടുത്തുകഴിഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പത്തോളം പേരുടെ ജീവനകളാണ് ഇവിടെ പൊലിഞ്ഞത്.
2018 ജനുവരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഇവിടെ അപകടത്തിൽപ്പെട്ടു മരിച്ചതിനു ശേഷമാണ് ഇവിടെ ട്രാഫിക് പരിഷ്ക്കരണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ഉപറോഡുകളിൽ നിന്ന് മെയിൻ റോഡിലേക്കുള്ള അനധികൃത പ്രവേശനം അടയ്ക്കുന്നതും ഇവിടെയുള്ള ബസ് സ്റ്റോപ്പ് ജംഗ്ഷനിൽ നിന്ന് കുറച്ച് തെക്കോട്ട് നീക്കുന്നതും ഉപറോഡിലടക്കം രൂപപ്പെട്ട കുഴികൾ അടയ്ക്കുന്നതിനുമൊക്കെയുള്ള നടപടികൾ ഇപ്പോഴും കൈക്കൊണ്ടിട്ടില്ല.
ഇന്നലെ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു രണ്ടു ദന്പതികൾ മരിച്ച സംഭവമാണ് അപകട പരന്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. പുത്തൻചിറ പൂവ്വത്തുശ്ശേരി വേലംപറന്പിൽ ബാലകൃഷ്ണൻ മകൻ ഷൈൻ (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. കൊരട്ടിയിലേക്ക് ബൈക്കിൽ പോകുന്പോൾ ഇന്നലെ രാവിലെ 10.45 ണ് അപകടം സംഭവിച്ചത്.
മുരിങ്ങൂരിലെ സ്റ്റോപ്പിൽ നിന്ന് യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഉപറോഡിലെ കുഴികൾ മറികടക്കുവാനായി മെയിൻ റോഡിലേക്ക് വെട്ടിക്കുകയായിരുന്നു. ഇത് കണ്ട ഷൈൻ വണ്ടി നിർത്തി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ ലോറിയിൽ തട്ടിയാണ് അപകടമുണ്ടായത്.സംഭവസ്ഥലത്ത് വച്ചുതന്നെ ബിന്ദു മരിച്ചു. റോഡിൽ വീണ ഇരുവരേയും ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഷൈനിന്റെയും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്ത മൃതദേഹം ഇന്ന് ഉച്ചയോടെ ഇരിങ്ങാലക്കുട മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചു. മക്കൾ: ഗ്രീഷ്മ, സായ്കൃഷ്ണ (ഇരുവരും വിദ്യാർഥികൾ).