പുതുക്കാട് : സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന പുതുക്കാട് ബസാർ റോഡിലെ കാന നിർമാണം ഇഴയുന്നു. അന്പത് മീറ്റർ വീതം നീളത്തിൽ ഘട്ടം ഘട്ടമായി കാന നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാരുടെ ഉറപ്പ്. എന്നാൽ മൂന്നാഴ്ചയിലേറെയായി നിർമാണം ആരംഭിച്ച കാനയുടെ നിർമ്മാണം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്.
കാന നിർമ്മാണത്തിന്റെ വേഗം കുറഞ്ഞതോടെ ദുരിതത്തിലായിരിക്കുകയാണ് ഇവിടുത്തെ ചെറുകിട കച്ചവടക്കാർ.
കാനനിർമാണം മൂലംകച്ചവടം പകുതിയായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. കാനകോരിയിട്ട ഭാഗങ്ങളിൽ കടകളിലേക്ക് എത്താൻ മരപ്പലകകളിൽ കയറിയാണ് ആളുകൾ എത്തുന്നത്.
കാനക്ക് കുറുകെയിട്ട പലകകളിൽ അപകടം പതിയിരിക്കുന്നതുമൂലം ആളുകൾ കടകളിലേക്ക് കയറാൻ മടിക്കുന്നതായും വ്യാപാരികൾ പറയുന്നു. ഇതിനിടെ കാന നിർമ്മാണത്തിൽ അപാകതയുണ്ടെന്ന ആക്ഷേപമുയരുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ നിന്നെത്തുന്ന മഴ വെള്ളം കാനയിലേക്കെത്തുന്നതിനുള്ള കഴകൾ നിർമ്മിക്കാത്തത് വെള്ളക്കെട്ട് പ്രശ്നത്തിന് ഇടയാകാൻ സാധ്യതയുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കാന നിർമ്മാണം എത്രയുംവേഗം പൂർത്തീകരിച്ച് കച്ചവടക്കാരുടെ ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.