പാനൂർ: പാനൂർ നഗരം ഇനി പൂർണമായും കാമറക്കണ്ണിൽ. പൗരപ്രമുഖരുടെയും വ്യാപാരികളുടെയും പ്രവാസി വ്യാപാരികളുടെയും സാമ്പത്തിക സഹകരണത്തോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 60 കാമറകൾ സ്ഥാപിക്കും. പാനൂരിലും പ്രധാന കേന്ദ്രങ്ങളിലും സദാസമയം പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിസിടിവി കാമറകൾ വ്യാപിക്കുന്നത്.നേരത്തെ സ്ഥാപിച്ച കാമറകൾ തകരാറിലായതിനെ തുടർന്നാണ് നടപടി.
പ്രവൃത്തി ഉദ്ഘാടനം പാനൂർ ബസ്സ്റ്റാൻഡിൽ പാനൂർ നഗരസഭാ ഉപാധ്യക്ഷ കെ.വി.റംല നിർവഹിച്ചു. പ്രവാസി വ്യവസായി ചിറ്റുള്ളി യൂസഫ് ഹാജിയിൽ നിന്നും ആദ്യഫണ്ട് പാനൂർ സിഐ ടി.പി.ശ്രീജിത്ത് ഏറ്റുവാങ്ങി. ഫോക്കസ് പാനൂർ പദ്ധതിയുടെ ഭാഗമായാണ് കാമറകൾ സ്ഥാപിക്കുന്നത്.
പാനൂർ ടൗണിൽ നിന്ന് വൈദ്യർപീടിക വഴി പാലത്തായി വരെയും ചമ്പാട് റോഡിൽ കെഎസ്ഇബി ഓഫീസ് വരെയും കൂത്തുപറമ്പ് റോഡിൽ ഗുരുസന്നിധിവരെയും പൂക്കോം റോഡിൽ ഗവ.ആശുപത്രി ജംഗ്ഷൻ വരെയുമാണ് കാമറകൾ സ്ഥാപിക്കുക. ഒരു മാസത്തിനകം ജോലികൾ പൂർത്തിയാക്കും. 20 എണ്ണം ബിഒടി അടിസ്ഥാനത്തിലും പഴയ ആറു കാമറകൾ റിപ്പയർ ചെയ്തും ബാക്കി 34 എണ്ണം പൊതുഫണ്ട് ഉപയോഗിച്ചുമാണ് ഒരുക്കുന്നത്.
ഇതോടൊപ്പം ബസ് സ്റ്റാൻഡിൽ സ്ത്രീസുരക്ഷയുടെ ഭാഗമായുള്ള കോളിംഗ് ബെല്ലിന്റെ ഉദ്ഘാടനം പാനൂർ എസ്ഐ കെ.സന്തോഷ് നിർവ്വഹിച്ചു. കെഎംസിസി അൽബിദായ ഒമാൻ യൂണിറ്റിന്റെ സഹായത്തോടെയാണ് കോളിംഗ് ബെൽ സ്ഥാപിച്ചത്.
സതേൺ ഇലക്ട്രിക്കൽ ആൻഡ് സെക്യുരിറ്റി സിസ്റ്റവുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയത്. ബസ്സ്റ്റാൻഡിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് പോലീസിന്റെ സേവനം ആവശ്യമാണെങ്കിൽ സിസ്റ്റത്തിലെ റെഡ് ബട്ടൻ അമർത്തി സ്പീക്കർ ഫോണിലൂടെ പോലീസുമായി സംസാരിച്ച് സേവനം ഉപയോഗപ്പെടുത്താം. കൗൺസിലർ കെ.കെ.സുധീർ കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.രാജൻ, പി.പി.എ.സലാം, നാണാറത്ത് അലി, ടി.അബൂബക്കർ, പി.കെ.ഷാഹുൽ ഹമീദ്, കെ.കെ.ധനജ്ഞയൻ , കെ.വി.അബ്ദുറഹ്മാൻ, പി.കെ.മൂസ, ഒ.ടി.നവാസ് എന്നിവർ പങ്കെടുത്തു.