കൊച്ചി: അവസരങ്ങൾ മുതലാക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ രണ്ടാം ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ചു. ആദ്യ മത്സരത്തിൽ എടികെയെ കീഴടക്കിയ ആത്മവിശ്വാസവുമായി ഗ്രൗണ്ടിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ വിജയം ആവർത്തിക്കാനായില്ല. മുംബൈ സിറ്റിക്കെതിരായ കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റു.
82-ാം മിനിറ്റിൽ മുംബൈയുടെ ടുണീഷ്യൻതാരം അമിനെ ചെർമിതി നേടിയ ഗോളിലാണ് മുംബൈ സിറ്റി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. മുന്നേറ്റനിരയിൽ ഒഗ്ബെച്ചെക്കു പന്ത് കൃത്യമായി എത്തിക്കുന്നതിൽ മധ്യനിര പരാജയപ്പെട്ടതാണ് തോൽവിക്കു കാരണം.
കഴിഞ്ഞ മത്സരത്തിൽ എടികെയ്ക്കെതിരേ ഇറക്കിയ ടീമിനെ തന്നെയാണ് കോച്ച് എൽകോ ഷട്ടോരി ഇന്നലെ മുംബൈ സിറ്റിക്കെതിരേയും ഗ്രൗണ്ടിലിറക്കിയത്. കളിയുടെ ആദ്യ മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചു. ഇടതുവിംഗിലൂടെ ബ്ലാസ്റ്റഴേസ് നടത്തിയ മുന്നേറ്റം ഗുണം ചെയ്തില്ല. അഞ്ചാം മിനിറ്റിൽ അമീൻ ചെർമിതിയെ ബോക്സിനുള്ളിൽ സ്യുവർലൂണ് ഫൗൾ ചെയ്തതിന് മുംബെ പെനൽറ്റിക്ക് അപ്പീൽ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് മികച്ച കളി പുറത്തെടുത്തു. ബോൾ പൊസഷനിലും ബ്ലാസ്റ്റേഴ്സ് മുന്നിട്ടു നിന്നു. മുംബൈ സിറ്റിയും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
18-ാം മിനിറ്റിൽ മുംബൈയുടെ ഡിഗോ കാർലോസിന്റെ മുന്നേറ്റം ബ്ലാസ്റ്റേഴ്സിനെ ഒന്ന് ഭയപ്പെടുത്തിയെങ്കിലും ഗോളി ബിലാൽ ടീമിന്റെ രക്ഷയ്ക്കായി എത്തി. ഇരുപത്തിയഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത സെർജിയോ സിഡോഞ്ച വിദഗ്ധമായി പന്ത് മുംബൈ ബോക്സിലേക്ക് എത്തിച്ചു. എന്നാൽ, ബ്ലാസ്റ്റേഴ്സ് നായകൻ ഒഗ്ബെച്ചെ നടത്തിയ ഹെഡർ ഗോൾശ്രമം പക്ഷേ വിഫലമായി.
രണ്ടാം പകുതിയുടെ ആദ്യമിനിറ്റിൽ തന്നെ മുംബൈ സിറ്റിക്ക് മനോഹരമായ ഒരു അവസരം ലഭിച്ചു. എന്നാൽ, ബോക്സിനുള്ളിൽനിന്ന് സൗഗൗവിന്റെ ഷോട്ട് പുറത്തുപോയി. ഹാളിചരണ് നർസാരിക്ക് പകരം മലയാളിതാരം കെ.പി.രാഹുൽ ഇറങ്ങി. 60-ാം മിനിറ്റിൽ രാഹുലിനെ ഫൗൾ ചെയ്തതിന് സർതക്കിന് മഞ്ഞക്കാർഡ്.
തുടർന്ന് ബ്ലാസ്റ്റേഴ്സിന് കോർണർ ലഭിച്ചെങ്കിലും പാഴായി. 64-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ജയ്റോ റോഡ്രിഗസിന് മഞ്ഞക്കാർഡ് ലഭിച്ചു. 68-ാം മിറ്റിൽ ബ്ലാസ്റ്റേഴ്സിൽ സെർജിയോ സിഡോച്ചക്ക് പകരം റാഫേൽ ബൗളി ഗ്രൗണ്ടിലിറങ്ങി. ബ്ലാസ്റ്റേഴ്സ് പ്രശാന്തിനെ തിരിച്ചുവിളിച്ച് സഹൽ അബ്ദുൾ സമദിനെ ഗ്രൗണ്ടിലെത്തിച്ചു.
82-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് ഗോൾവല കുലുങ്ങി. സൗവിക് ചക്രബർത്തി നൽകിയ പാസ് അമിനെ ചെർമിതി ഗോളാക്കിമാറ്റി മുംബൈ സിറ്റി ലീഡ് നേടിയപ്പോൾ സ്റ്റേഡിയം നിശബ്ദമായി.
തുടർന്ന് ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. എക്സ്ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റിൽ നല്ലൊരു അവസരം ലഭിച്ചത് പാഴായതോടെ ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു.
വി.ആർ. ശ്രീജിത്ത്