കട്ടപ്പന: ഇന്ത്യൻ വോളിബോളിനും സംസ്ഥാന വോളിബോളിനും ജീവരക്തം നൽകി ഒപ്പം ജീവിച്ച കെജി എന്ന കെ.ജി. ഗോപാലകൃഷ്ണൻ ഇനി ഓർമച്ചിത്രം. ബുധനാഴ്ച രാവിലെ നിര്യാതനായ കെജിയുടെ മൃതദേഹം ഇന്നു രണ്ടിന് കാഞ്ഞാർ കുന്നത്താനിക്കൽ വീട്ടുവളപ്പിൽ സംസ്കരിക്കുന്പോൾ സംസ്ഥാന വോളിബോളിന്റെ ഒരു യുഗം അവസാനിക്കുകയാണ്.
അര നൂറ്റാണ്ടോളം വോളിബോളിനൊപ്പം ജീവിച്ചു മരിച്ച കെജി കളിക്കാരനും സംഘാടകനും വിധികർത്താവും ഒക്കെയായിരുന്നു. കളത്തിലെ കളിയറിയാതെ കളത്തിനുപുറത്തു കളിച്ചു കളിയുടെ രാജാക്കന്മാരായവർക്ക് അപവാദമായിരുന്നു ഈ മുൻ സംസ്ഥാന ടീം ക്യാപ്റ്റൻ. വോളിബോൾ കളിച്ചാണ് ഇദ്ദേഹം വോളിബോൾ ഫെഡറേഷന്റെയും അസോസിയേഷന്റെയും അമരത്തെത്തിയത്.
പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർഥിയായിരിക്കെ 1956-ലെ ഇന്റർ യൂണിവഴ്സിറ്റി ചാന്പ്യൻഷിപ്പു നേടിയ ട്രാവൻകൂർ യൂണിവഴ്സിറ്റി ടീമിൽ അംഗമായാണു ശ്രദ്ധേയനായത്. 58-59ലെ യൂണിവഴ്സിറ്റി ക്യാപറ്റനുമായിരുന്നു. 1959ൽ ജംഷഡ്പുർ ദേശീയ ചാന്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായിരുന്നു.
വോളിബോളിലെ അതികായന്മാരായിരുന്ന പപ്പൻ എന്ന ടി.ഡി. ജോസഫ്, കുട്ടപ്പൻ, മുകുന്ദൻ, സ്വാമിദാസ്, വഹീദ്, പ്രസന്നകുമാർ, ശിവൻപിള്ള, അബ്ദുൾ റഹ്മാൻ, സണ്ണി എന്നിവരൊക്കെ കെജിയുടെ സഹകളിക്കാരായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്നു ഡിപ്ലോമയും ബിപിഎഡും പാസായി ദീർഘനാൾ കോച്ചായും പ്രവർത്തിച്ച ശേഷമാണു വോളിബോൾ സംഘടനാ നേതൃത്വത്തിലേക്ക് എത്തിയത്.
1973ൽ ഇടുക്കി ജില്ലാ വോളിബോൾ അസോസിയേഷൻ രൂപീകരിച്ചപ്പോൾ പ്രഥമ സെക്രട്ടറിയായി. 1980ൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറിയായി. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഇടുക്കി ജില്ലാ സ്പോർട്സ് കൗണ്സിൽ സെക്രട്ടറിയായും ദീർഘനാൾ പ്രവർത്തിച്ചു.
ജിമ്മി ജോർജ്, എസ്. ഗോപിനാഥ്, ഉദയകുമാർ, സിറിൾ സി. വെള്ളൂർ, അബ്ദുൾ റസാക്, ഡാനിക്കുട്ടി ഡേവിഡ്, എം. ഉല്ലാസ് എന്നിവരൊക്കെ കേരള ടീമിനു വേണ്ടി ജഴ്സി അണിഞ്ഞത് കെ.ജി. ഗോപാലകൃഷ്ണൻ അസോസിയേഷന്റെ സാരഥിയായിരുന്നപ്പോഴായിരുന്നു. അധ്യാപകനായിരുന്ന ഗോപാലകൃഷ്ണൻ മൂലമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1992ൽ പ്രിൻസിപ്പലായി വിരമിച്ചു.വോളിബോളിന്റെ പ്രൗഢി ഇന്നും നിലനിർത്തുന്ന കാഞ്ഞാർ വിജിലന്റ് ക്ലബ്ബിന്റെ സ്ഥാപകരിൽ പ്രധാനിയായിരുന്നു.
കെ.എസ്. ഫ്രാൻസിസ്