മഹാരാഷ്ട്രയിൽ ഒറ്റയ്ക്കു ഭരിക്കാനുള്ള കേവല ഭൂരിപക്ഷവും പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഇനി കാര്യങ്ങൾ പഴയതുപോലെ അത്ര എളുപ്പമല്ല. ബിജെപിയുടെ ദേവേന്ദ്ര ഫട്നാവിസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്.
പക്ഷേ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. ശിവസേന ഈ ആവശ്യത്തിൽ ഉറച്ചുനിന്നാൽ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാതെ ബിജെപിക്ക് നിവൃത്തിയില്ലാതെ വരും. ദീപാവലിക്കുശേഷം സർക്കാരുണ്ടാക്കിയാൽ മതിയെന്ന നിലപാടാണ് ബിജെപിക്കും ശിവസേനയ്ക്കും ഉള്ളത്.
ശിവസേന തലവൻ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിൽ ഉദ്ധവ് ഉറച്ചുനിൽക്കുമോയെന്ന് അറിയാം. ഈ തെരഞ്ഞെടുപ്പോടെ ശിവസേന മഹാരാഷ്ട്ര ഭരണത്തിൽ നിർണായക ശക്തിയായി മാറിയിരിക്കുകയാണ.് മഹാരാഷ്ട്രയിൽ ആകെയുള്ള 288സീറ്റിൽ 145സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപി- 105, ശിവസേന-56, എൻസിപി-54, കോണ്‍ഗ്രസ്-44, മറ്റുള്ളവർ-29 എന്നിങ്ങനെയാണ് കക്ഷി നില.
അതേസമയം, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എൻസിപി നേതാവ് ശരത് പവാർ അതിശക്തനായി ഈ തെരഞ്ഞെടുപ്പോടെ മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിനേക്കാൾ കൂടുതൽ സീറ്റ് എൻസിപിക്ക് നേടാനായി എന്നതാണ് ശരത്പവാറിനെ ശക്തനാക്കുന്നത്. കഴിഞ്ഞ സർക്കാരിനെ അപേക്ഷിച്ച് ബിജെപി-ശിവസേന സർക്കാരിന് ശക്തമായൊരു പ്രതിപക്ഷത്തെ വേണം ഇത്തവണ നേരിടാൻ.
പവാറിനെ അഴിമതിക്കേസിൽ കുടുക്കാൻ ശ്രമിച്ചത് ബിജെപിക്ക് തന്നെ വിനയായി മാറിയതായാണ് വിലയിരുത്തൽ. ശക്തമായൊരു നേതൃത്വമോ അടുക്കും ചിട്ടയുമുള്ള പാർട്ടി സംവിധാനമോ ഇല്ലാതിരുന്നിട്ടു കൂടി പവാറിന്റെ തണലിൽ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായത് കോണ്‍ഗ്രസിന് വലിയൊരു ആശ്വാസമായി.