കൊച്ചി: എറണാകുളം ചേന്പുങ്കാട് കോളനിക്ക് സമീപം വയോധികൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്തിനെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ പോലീസ്. ചേന്പുങ്കാട് കോളനിയിൽ താമസിക്കുന്ന ദിലീപ് (65) മരിച്ച സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ആലപ്പുഴ ഹരിപ്പാട് സ്വദേശിക്കായാണു പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്.
ചില മാനസിക പ്രശ്നങ്ങളുള്ള ഇയാൾ കൂടുതൽ ദൂരത്തേയ്ക്കു പോകാനിടയില്ലെന്നാണു പോലീസ് പറയുന്നത്. ഇയാൾ ഫോണ് ഉപയോഗിക്കാറില്ല. എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം വ്യാപിപിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇരുവരുടെയും സുഹൃത്തായ ബിജുവിനെയും പ്രതി കുത്താൻ ശ്രമിച്ചിരുന്നതായാണു പോലീസ് പറയുന്നത്. ബിജുവിൽനിന്ന് മൊഴിയെടുത്തതായും പ്രാഥമിക അന്വേഷണത്തിൽ കേസിൽ പ്രതി ഹരിപ്പാട് സ്വദേശി തന്നെയാണെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: കൊല്ലപ്പെട്ട ദിലീപ് ആറു മാസം മുൻപ് എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ ഒരു കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിൽവച്ചാണ് ഹരിപ്പാട് സ്വദേശിയെ പരിചയപ്പെടുന്നതും സുഹൃത്തുക്കളായതും. ഒരാഴ്ച മുന്പ് ഹരിപ്പാട് സ്വദേശി എറണാകുളത്ത് എത്തി.
തുടർന്ന് ദിലീപിനൊപ്പമായിരുന്നു താമസം. ബുധനാഴ്ച രാത്രി ദിലീപും ഹരിപ്പാട് സ്വദേശിയും ബിജുവും ഒരുമിച്ചിരുന്ന് മദ്യപിച്ചതയായും തുടർന്ന് ഹരിപ്പാട് സ്വദേശി ദിലീപിൽനിന്ന് പണം ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.പണം നൽകാൻ വിസമ്മതിച്ചതോടെ വാക്കു തർക്കമായി. തർക്കം രൂക്ഷമായതോടെ ഹരിപ്പാട് സ്വദേശി കത്തിക്കൊണ്ട് ദിലീപിനെ കുത്തുകയായിരുന്നുവെത്രേ.
ബിജുവും ഇത്തരത്തിലാണു മൊഴി നൽകിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. കടവന്ത്ര പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.