സ്വന്തം ലേഖകൻ
പുത്തൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം ഘട്ടം പണികൾ ഡിസംബറിൽ പൂർത്തിയാകുമെന്നും പൂർത്തിയാകുന്ന നാലു കൂടുകളിലേക്ക് മേയ് മാസത്തോടെ മൃഗങ്ങളെ മാറ്റാനാകുമെന്നും വനംമന്ത്രി കെ. രാജു. സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് വിപ്പ് കെ. രാജനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നാലു കൂടുകളുടെ പണി പൂർത്തിയാക്കാൻ 23 കോടി രൂപയാണു മുതൽ മുടക്കിയത്. സുവോളജിക്കൽ പാർക്കിന്റെ രണ്ടാം ഘട്ടം പണി ജനുവരിയോടെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ മൃഗാശുപത്രിയാണു പ്രധാനമായും നിർമിക്കുക. മൃഗാശുപത്രി പ്രവർത്തനസജ്ജമായാൽ മാത്രമേ മൃഗങ്ങളെ ഇവിടേക്കു മാറ്റാനാകൂ. ആദ്യഘട്ടത്തിൽ സിംഹവാലൻ കുരങ്ങുകളേയും ഏതാനും പക്ഷികളേയുമാണു മാറ്റുക.
രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു 112 കോടി രൂപ വേണം. രണ്ടാം ഘട്ടത്തിൽ 17 കൂടുകൾ നിർമിക്കും. നടപ്പാതകളും സജ്ജമാക്കണം. സംസ്ഥാന സർക്കാരിന്റെ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതിയിൽനിന്നാണു ഫണ്ട് പ്രതീക്ഷിക്കുന്നത്. എന്നാൽ സാന്പത്തിക പ്രതിസന്ധിമൂലം കിഫ്ബി പദ്ധതികൾ വഴിമുട്ടി നിൽക്കുകയാണ്.
പത്തു കോടി രൂപ മാത്രമാണു കിഫ്ബി അനുവദിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തിൽ 23 കൂടുകൾകൂടി നിർമിക്കും. പാർക്കിംഗ് സൗകര്യം ഇതോടൊപ്പമാണു സജ്ജമാക്കുക. മന്ത്രി കെ. രാജു പറഞ്ഞു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ വനം, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥരും എത്തിയിരുന്നു.