തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ബിജെപിക്ക് വോട്ട് വർധിക്കുകയാണ് ചെയ്തത്. എന്നാൽ ഇടത്, വലത് മുന്നണികൾക്ക് വോട്ടുകുറയുകയും ചെയ്തു. ഇതെങ്ങനെ നേട്ടമാകും, ബിജെപി തോറ്റമ്പിയെന്ന് എങ്ങനെ പറയനാകുമെന്നും ശ്രീധരൻപിള്ള ചോദിച്ചു.
കോൺഗ്രസിന് വോട്ട് കുറഞ്ഞത് ചെന്നിത്തലയും സിപിഎമ്മിന് വോട്ട് കുറഞ്ഞത് കോടിയേരിയും വിശദീകരിക്കണം. മഞ്ചേശ്വരത്ത് ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം വോട്ട് ലഭിക്കുന്നത്.
നേട്ടം ഉണ്ടാക്കിയെന്ന ഇടത്, വലത് മുന്നണികളുടെ അവകാശവാദം ജനവഞ്ചനയാണ്. മൂന്നു മണ്ഡലങ്ങളിൽ വീതം ഇടതുപക്ഷത്തിനും യുഡിഎഫിനും വോട്ട് കുറഞ്ഞു. ഇത് മറച്ചുവച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞെന്ന് പറയുന്നതിൽ അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.