പേരാമ്പ്ര: ജിൻസൺ ജോൺസനു പിന്നാലെ മറ്റൊരു ചക്കിട്ടപാറക്കാരൻ കൂടി ഒളിംപിക്സിലേക്ക്. പൂഴിത്തോട് മാവട്ടത്തെ തൈക്കടുപ്പിൽ ടോമിച്ചൻ- ആലീസ് ലി ദമ്പതികളുടെ മകൻ നോഹ നിർമൽ ടോമാണു പുതിയ താരം. ഇനി പരിശീലനവും ലക്ഷ്യവും അടുത്തവർഷം നടക്കുന്ന ഒളിംപിക്സിനു വേണ്ടി കൂടുതൽ യോഗ്യത നേടുകയെന്നതാണെന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തി ചക്കിട്ടപാറ പൗരാവലിയുടെ സ്നേഹാദരം ഏറ്റുവാങ്ങിയ നോഹ വെളിപെടുത്തി.
വ്യോമസേനയിൽ സർജന്റായ നോഹ ഇക്കഴിഞ്ഞ ദോഹ ലോക അത്ലറ്റിക്സിലാണ് 4×400 മിക്സഡ് റിലേ ഇനത്തിൽ ഒളിംപിക്സ് യോഗ്യത നേടിയത്. പത്താം ക്ലാസുവരെ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ പഠിച്ച കാലത്ത് കോച്ച് ജോസ് സെബാസ്റ്റ്യന്റെ കീഴിലാണു പ്രഥമ കായിക പരിശീലനം. 800, 1500 മീറ്ററിലായിരുന്നു താത്പര്യം. തുടർന്നു പ്ലസ് ടു, ഡിഗ്രി പഠന കാലത്തു കോഴിക്കോട് സായിയിലെ കോച്ച് ജോർജ് പി. ജോസഫാണു നോഹയ്ക്കും പുതുവഴി നല്കിയത്.
400 മീറ്ററിൽ തന്നെ ശ്രദ്ധ പതിപ്പിച്ചു പരിശീലനമായി. ദേവഗിരി കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ 2013 ൽ റാഞ്ചിയിൽ നടന്ന സാഫ് ഗെയിംസിൽ ജൂണിയർ വിഭാഗത്തിൽ 4×400 റിലേ ഇനത്തിൽ വെള്ളിനേടിയ ടീമിലംഗമായിരുന്നു. 2014ൽ ജോലി ലഭിച്ചതോടെ സർവീസസിനു വേണ്ടി കായികരംഗത്ത് നിലയുറപ്പിച്ചു. ഇവിടെ കോച്ച് എം.കെ. രാജ് മോഹന്റെ കീഴിലായിരുന്നു പരിശീലനം. 2015-ൽ ചൈനയിലെ വുഹാനിൽ നടന്ന ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തി.
തുടർന്നു വിവിധ മത്സരങ്ങളിൽ മികവു തെളിയിച്ച നോഹ 2018ൽ ഭുവനേശ്വറിൽ നടന്ന ദേശീയ ഓപ്പൺ അത് ലറ്റിക് മീറ്റിൽ സർവീസസിനു വേണ്ടി 400, 4×400 മീറ്ററുകളിൽ സ്വർണം നേടി. ഈ വർഷം പോളണ്ടിലും ചെക്ക് റിപ്പബ്ളിക്കിലും നടന്ന 200, 400 മീറ്റർ മത്സരങ്ങളിൽ വെള്ളി നേടി. കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ട് ഓഫീസ് ജീവനക്കാരിയായ നോഹയുടെ അമ്മ ആലീസ് ലി മുൻ ദേശീയ ഹാൻഡ് ബോൾ താരമാണ്.