പൂച്ചാക്കൽ: സ്കൂളുകളിലേക്ക് പഴകിയ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു. തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലെ പതിമൂന്നോളം സ്കൂളുകൾക്ക് അരി വിതരണം ചെയ്യുന്നത് പൂച്ചാക്കൽ സപ്ലൈക്കോയിൽ നിന്നാണ്. ലോഡ് ഇറക്കുന്പോളാണ് അരിയുടെ നിലവാരം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് തൊഴിലാളികൾ അരിയിറക്കാൻ വിസമ്മതിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ നാട്ടുകാരെത്തി അരി പരിശോധിച്ചപ്പോൾ അരിയിൽ ചെറിയ പ്രാണികളും പൂപ്പൽ പിടിച്ച പഴകിയ അരിയുമാണെന്ന് മനസിലാകുന്നത്. തുടർന്ന് നാട്ടുകാർ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമനെ വിവരം അറിയിച്ചു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അരി ഇറക്കാതെ ചേർത്തലയിലെ ഗോഡൗണിലെക്ക് തിരിച്ചയച്ചു.
ആലപ്പുഴ, മാവേലിക്കര എഫ്സിഐ ഗോഡൗണിൽ നിന്നും ചേർത്തല ഗോഡൗണിൽ എത്തിച്ച് അവിടെ നിന്നാണ് അരി സ്കൂളുകൾക്ക് വിതരണം ചെയ്യുന്നത്. ട്രെയിനുകളിൽ നിന്നു ഇറക്കുന്പോഴും ലോറികളിൽ കയറ്റുന്പോഴുമായി പൊട്ടിവീഴുന്ന ചാക്കുകളിലെ അരി മറ്റൊരു ചാക്കിലേക്ക് മാറ്റുന്പോഴാണ് പ്രാണികളും മറ്റു മാലിന്യങ്ങളും കടന്നു കൂടുന്നതെന്നു പറയുന്നു.
കൂടാതെ ശാസ്ത്രിയമായ രീതിയിൽ അരി സൂക്ഷിക്കാതെയും യഥാസമയം വിതരണം ചെയ്യാതെ ഗോഡൗണുകളിൽ ഇരുന്നു പോകുന്പോഴും അരി മോശമാകാറുണ്ട്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിലവാരം പരിശോധിച്ച് മാർക്ക് ചെയ്യുന്ന അരിയാണ് വേർ ഹൗസിൽ എത്തുക. അരിയുടെ ഗുണനിലവാരം പരിശോധിച്ച് മാത്രമേ റേഷൻ കടകളിലേക്കും സ്കൂളുകൾക്കും അരി നൽകാൻ പാടുള്ളൂ. എന്നാൽ ഗോഡൗണുകളിൽ നിന്നു ഇതു ചെയ്യുന്നില്ലാ എന്ന് ആക്ഷേപം ഉണ്ട്. ഉപയോഗ്യമല്ലാത്ത അരി വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.