കോഴിക്കോട്: പൊന്നാമറ്റം ഷാജു- സിലി ദമ്പതികളുടെ മൂത്തമകന്റെ ആദ്യ കുർബാന ചിത്രങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ആൽഫൈൻ വധക്കേസ് അന്വേഷിക്കുന്ന തിരുവമ്പാടി ഇൻസ്പെക്ടർ സജു ജോസഫിന്റെ നേതൃത്വത്തിലാണ് കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തിൽ സക്കറിയാസിന്റെ വീട്ടിൽ നിന്ന് ഫോട്ടോകൾ പോലീസ് കസ്റ്റഡിയിലെടുത്തത്.
സിലിയുടെ മൂത്തമകന്റെആദ്യകുർബാന നടന്ന 2014 മേയ് ഒന്നിന്, സയനൈഡ് നൽകി സിലിയുടെ പിഞ്ചുകുഞ്ഞ് ആൽഫൈനെ ജോളി കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യ കുർബാന കഴിഞ്ഞ് വീട്ടിൽ നടത്തിയ സത്ക്കാരത്തിനിടെ ബ്രെഡിൽ സയനൈഡ് ആൽഫൈന് നൽകിയതായി ജോളി സമ്മതിച്ചിരുന്നു.
ബ്രെഡ് കഴിച്ചയുടൻ വായിൽ നിന്ന് നുരയും പതയും വന്ന് കുഴഞ്ഞു വീണ കുഞ്ഞിനെ ആദ്യം ഓമശേരി ശാന്തി ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മേയ് മൂന്നിന് ആൽഫൈൻ മരിച്ചു.
അന്ന് ആദ്യകുർബാനയോടനുബന്ധിച്ച് സത്ക്കാരം നടന്നിരുന്നു എന്ന് സ്ഥാപിക്കുന്നതിന് തെളിവായി കസ്റ്റഡിയിലെടുത്ത ഫോട്ടോകൾ കോടതിയിൽ സമർപ്പിക്കും. ആൽഫൈനിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെയും പോലീസ് ഷാജുവിന്റെ പിതാവ് സക്കറിയാസ്,അമ്മ ഫിലോമിന എന്നിവരെ ചോദ്യം ചെയ്തു.