വൈക്കം: 15 കാരിയായ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കാമുകനെ അറസ്റ്റ് ചെയ്തു. വൈക്കം പുളിഞ്ചുവട് സ്വദേശിയായ അഭിജിത്തി(19)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച ചെന്പ് കൊച്ചങ്ങാടിയിലെ ജ്യോൽസ്യനെ കണ്ടു മാതാവുമായി വീട്ടിലേക്കു മടങ്ങുന്നതിനിടയിൽ മാതാവിനെ കബളിപ്പിച്ചു പണം വാങ്ങി കാമുകനൊപ്പം 15 കാരി കടന്നു കളയുകയായിരുന്നു.
തലയാഴം കൂവത്തെ യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവാവ് പെണ്‍കുട്ടിയുമായി എത്തിയ വിവരമറിഞ്ഞു പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. വിദ്യാർഥിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോൾ ശാരീരികമായി ദുരുപയോഗം ചെയ്തതായി തെളിഞ്ഞതിനാൽ യുവാവിനെതിരെ പോസ്കോ നിയമപ്രകാരം കേസെടുക്കുമെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച തലയോലപ്പറന്പ് പോലീസ് സംഭവം നടന്നത് വൈക്കം പോലീസിന്റെ അധികാരപരിധിയിലായതിനാൽ കേസ് വൈക്കം പോലീസിനു കൈമാറുകയായിരുന്നു.