സി.കെ. പോൾ
ചാലക്കുടി: അച്ഛനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം നടത്തിയ മകനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു. ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയതായി മകൻ കുറ്റസമ്മതം നടത്തിയത്.
കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ(52) മകൻ ബാലു(19) ആണ് അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.ബാലുവിനെ റിമാൻഡ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ബാലുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നു തന്നെ കൊന്നക്കുഴിയിൽ ബാലുവിനെ തെളിവെടുപ്പിന് കൊണ്ടുവരും.
മദ്യപിച്ചുവന്ന് അമ്മയുമായി അച്ഛൻ സ്ഥിരമായി വഴക്കിടുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്തിരുന്നതായും അത് തടയാൻ ഇടപെടുന്പോൾ പറ്റിയ കയ്യബദ്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ബാബു മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ പരിക്കുകളിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് ബാബുവിന്റെ ഭാര്യയും മകൻ ബാലുവും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. 2018 മാർച്ച് 27ന് അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കിനിടെയാണ് ബാലു അച്ഛനെ ഉപദ്രവിച്ചത്.
തലയ്ക്കടിയേറ്റുവീണ ബാബുവിനെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. എല്ലായിടത്തും മരത്തിൽനിന്നും വീണെന്നാണ് പറഞ്ഞത്.
ഈവർഷം ജൂണ് നാലിന് ബാബു മരിച്ചു. അമ്മയുടെ ആവശ്യപ്രകാരമാണ് അപകടമാണെന്നു നാട്ടുകാരെയും ആശുപത്രിയിലും അറിയിച്ചതെന്നു ബാലു പോലീസിനു മൊഴി നൽകി. കൊന്നക്കുഴിയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. അതിനാൽ സംഭവങ്ങൾ പുറത്തറിയാനുള്ള സാഹചര്യങ്ങൾ ഇല്ലാതാകുകയായിരുന്നു.
കൊലപാതകവിവരം മറച്ചുവെക്കണമെന്ന് പറഞ്ഞത് അമ്മ…
അനാഥരായ കുഞ്ഞുസഹോദരങ്ങളെ അല്ലലറിയാതെ വളർത്തിയത് ബാലു
അച്ഛനെ കൊലപ്പെടുത്തിയ വിവരം ആരോടും പറയേണ്ടെന്നും മരത്തിൽ നിന്നും വീണ് പരിക്കേറ്റതാണെന്നും മാത്രമേ പുറത്തുപറയാൻ പാടൂവെന്ന് അമ്മ തന്നെയാണത്രെ മകനോടു പറഞ്ഞത്. അച്ഛൻ മരിച്ച ഒരു വർഷത്തിനുള്ളിൽ അമ്മ മറ്റൊരാൾക്കൊപ്പം പോയതോടെ ബാലുവും താഴെയുള്ള മൂന്നു സഹോദരങ്ങളും തികച്ചും അനാഥരായി.
എന്നാൽ തനിക്കു താഴെയുള്ള രണ്ടു സഹോദരൻമാരേയും ഒരു സഹോദരിയേയും ബാലു തന്നാൽ കഴിയും വിധം നന്നായി നോക്കി. ജോലിക്കൊന്നും പോയില്ലെങ്കിലും കഞ്ചാവ് വിറ്റും മോഷണം നടത്തിയുമൊക്കെ കിട്ടുന്ന പണം കൊണ്ട് ബാലു സഹോദരങ്ങളെ നന്നായി നോക്കി.
ബൈക്ക് മോഷണകേസിൽ അറസ്റ്റിലായി പോലീസിനൊപ്പം പോകുന്പോൾ താൻ വൈകാതെ തിരിച്ചുവരുമെന്നും വിഷമിക്കരുതെന്നും അനുജൻമാരോടും അനുജത്തിയോടും പറഞ്ഞാണ് ബാലു അവരെ ആശ്വസിപ്പിച്ചത്. പതിനഞ്ചു വയസും എട്ടും ഏഴും വയസുമാണ് ബാലുവിന്റെ സഹോദരങ്ങൾക്ക്.
ബാലുവിന്റെ അറസ്റ്റോടെ ഒറ്റപ്പെട്ടുപോയ ഈ കുട്ടികളെ ശിശുസംരക്ഷണസമിതിക്കു മുന്നിൽ ഹാജരാക്കി അവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്.തങ്ങളുടെ അച്ഛനെ കൊലപ്പെടുത്തിയത് ചേട്ടനാണെന്ന് കുട്ടികൾ ഇതുവരെ അറിഞ്ഞിട്ടില്ല. ബാലുവിന് ജീവനാണ് തന്റെ കുഞ്ഞുസഹോദരങ്ങൾ.
ചോദ്യം ചെയ്യലിനിടെ അറിയാതെ കുറ്റസമ്മതം
ഒരു വർഷത്തിന് മുൻപ് നടത്തിയ കൊലപാതക കുറ്റം ബാലു ഏറ്റുപറഞ്ഞത് ചോദ്യം ചെയ്യലിന്റെ ഏതോ ഒരു നിമിഷത്തിൽ. അനുജൻമാരേയും അനുജത്തിയേയും പൊന്നുപോലെ നോക്കുന്നതിനെക്കുറിച്ചും അമ്മയേയും അച്ഛനേയും കുറിച്ചുമെല്ലാം പോലീസ് ചോദിക്കുന്നതിനിടെയാണ് ബാലു ഒരു വർഷത്തോളമായി താൻ ഉള്ളിൽ കൊണ്ടു നടക്കുന്ന ആ വലിയ പാതകത്തെക്കുറിച്ച് പോലീസിനോടു തുറന്നുപറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ പോലും അന്പരക്കുകയും ഞെട്ടുകയും ചെയ്തു ബാലുവിന്റെ ആ മനസറിഞ്ഞുള്ള കുന്പസാരത്തിൽ.
അയൽവാസികൾക്കും നാട്ടുകാർക്കും ബാലു അച്ഛനെ കൊന്നുവെന്ന വെളിപ്പെടുത്തൽ വിശ്വസിക്കാനായിട്ടില്ല. ബൈക്ക് മോഷണക്കേസിന്റെ രീതികളെപ്പറ്റിയും ലഹരിവസ്തുക്കളുടെ വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിയുന്നതിനിടയിലാണ് ബാലു താനൊരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തിയത്. ഡിവൈഎസ്പി അടക്കമുള്ളവരുടെ മുന്പിൽവച്ചായിരുന്നു ബാലുവിന്റെ കുറ്റസമ്മതം.
റീ പോസ്റ്റുമോർട്ടമില്ല
ഒരു വർഷം മുന്പ്് കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം ദഹിപ്പിച്ചതുകൊണ്ട് റീ പോസ്റ്റുമോർട്ടത്തിന് കഴിയില്ല. പ്രതിയുടെ മൊഴിയും മറ്റും അടിസ്ഥാനമാക്കിയായിരിക്കും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുക. കേസിൽ വേറെ ആർക്കെങ്കിലും നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മക്കളെ ഉപേക്ഷിച്ചുപോയ അമ്മയെയും ചോദ്യം ചെയ്യാൻ വേണ്ടി കണ്ടെത്തുമെന്നും സൂചനയുണ്ട്. കൊലപാതകവിവരം മറച്ചുവെക്കാൻ നിർദ്ദേശിച്ചത് അമ്മയാണെന്ന് ബാലു പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഇത് പോലീസ് വിശദമായി അന്വേഷിക്കും. അമ്മയെ പ്രതിചേർക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു കേസ് രജിസ്റ്റർ ചെയ്ത് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയ പരിശോധനകളും മറ്റും നടത്തി കൊലപാതകം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, ചാലക്കുടി എസ്ഐ ബി.കെ.അരുണ്, എഎസ്ഐമാരായ കെ.ജെ.ജോണ്സണ്, ജിനുമോൻ തച്ചേത്ത്, കെ.ബി.സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജൊ, എ.യു.റെജി, ഷിജൊ തോമസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിനും ചോദ്യം ചെയ്യലിനും നേതൃത്വം നൽകിയത്.