സജീവ് എ. പൈ.തിരുമല, കോട്ടയം
തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം. ഇതാണ് ദീപാവലി. മഹാലക്ഷ്മി വസിക്കുന്നത് ദീപത്തിലാണ്. രണ്ട് തിരി സൂര്യനും ഒന്ന് ഇഷ്ടദൈവത്തിനും, അഞ്ച് തിരി പഞ്ചാക്ഷരി മന്ത്രമായ ശിവന് ആരാധനയ്ക്ക് ഇഷ്ടം. ഒൻപത് തിരി നവഗ്രഹങ്ങളുമായിട്ടാണ് കരുതുന്നത്. അഗ്നിയുടെ മഹത്വവും ഐശ്വര്യത്തിന്റെ പ്രാധാന്യവും ദീപാവലി വെളിവാക്കുന്നു. പ്രകാശത്തിന്റെ ഉത്സവം ആഘോഷിക്കാൻ എല്ലായിടവും ഒരുങ്ങിക്കഴിഞ്ഞു. ശ്രീകൃഷ്ണഭഗവാൻ നരകാസുരനെ വധിച്ചതിന്റെ വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി എന്നാണ് ഐതിഹ്യം. കാർത്തികമാസത്തിലെ നരകചതുർദശി ദിവസമാണ് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതെന്നാണു സങ്കൽപം.
തുലാംമാസത്തിലെ ശ്രദ്ധേയമായ വിശേഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ദീപാവലിക്കു തൈലസ്നാനം പരമപ്രധാനമാണ്. ജലത്തിൽ ഗംഗാദേവിയുടെയും എണ്ണയിൽ ലക്ഷ്മി ദേവിയുടെയും സവിശേഷ ചൈതന്യം കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഓരോ ദിവസവും ആദ്യം ഉണരുന്നത് ഗംഗാദേവിയാണ് (ജലം). പ്രാതകാലത്ത് ആദ്യമുണരുന്ന ജലം ആത്മീയമായ പരിശുദ്ധി ശരീരത്തിനു മാത്രമല്ല മനസ്സിനും നൽകുന്നു. ദീപാവലിയുടെ ഐതിഹ്യങ്ങൾക്കും വൈവിധ്യം ഉണ്ട്.
രാമരാവണയുദ്ധം കഴിഞ്ഞ് സീതാസമേതം ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിനമാണ് ദീപാവലിയായി കൊണ്ടാടുന്നതെന്നാണ് ഒരു വിശ്വാസം. മഹാബലിയെ വാമനൻ പാതാള ലോകത്തിന്റെ അധിപനായി വാഴിച്ച ദിനമാണിതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. ഭൂമിയിലെത്തുന്ന പിതൃക്കൾക്ക് വഴികാട്ടാനായി ദീപം തെളിച്ചു കാത്തിരിക്കുന്ന ദിനമാണ് ദീപാവലിയെന്നു വിശ്വസിക്കുന്നവരെയും കാണാം.
ദീപാവലിയെക്കുറിച്ച് ഏറെ ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും നരകാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ് ഏറെ പ്രചാരം. പ്രാഗ് ജ്യോതിഷത്തിലെ അസുരരാജാവായിരുന്ന നരകൻ അതിക്രൂരനായിരുന്നു. പതിനായിരം കന്യകമാരെ ആ രാക്ഷസൻ കാരാഗൃഹത്തിലടച്ചു. മാനവരാശിയെ ദുഷ്ടതകളാൽ കഷ്ടപ്പെടുത്തി. ദേവരാജാവായ ഇന്ദ്രൻ ശ്രീകൃഷ്ണനോട് നരകാസുരന്റെ ക്രൂരതകളെക്കുറിച്ചു പറഞ്ഞു.
സത്യഭാമയും നരകാസുരനെ വധിക്കുന്നതിന് കൃഷ്ണനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ സത്യഭാമയെയും കൂട്ടി ഭഗവാൻ നരകാസുരന്റെ കോട്ടയിലെത്തി. ശത്രുക്കളെ നേരിടാൻ പലവിധ സന്നാഹങ്ങളും അസുരരാജൻ ഒരുക്കിയിരുന്നതെങ്കിലും കൃഷ്ണഭഗവാനു മുന്നിൽ അതില്ലാം നിഷ്ഫലമായി.
നരകാസുരൻ വധിക്കപ്പെട്ടു. കാരാഗൃഹത്തിലടയ്ക്കപ്പെട്ട സുന്ദരിമാരെല്ലാം മോചിതരായി. ദ്വാരകയിലെത്തിയതിനുശേഷം യുദ്ധക്ഷീണം തീർക്കാൻ ശ്രീകൃഷ്ണൻ നന്നായി എണ്ണ തേച്ചുകുളിച്ചു. പത്നിമാർ നൽകിയ മധുരം കഴിച്ചു. നരകാസുരന്റെ ദുഷ്ടതകളിൽ നിന്നു ജനങ്ങൾക്കു മോചനം ലഭിച്ചതിന്റെയും കാരാഗൃഹങ്ങളിൽ നിന്നു സ്ത്രീകൾ സ്വതന്ത്രരായതിന്റെയും സന്തോഷത്താൽ രാത്രിയിൽ ദീപങ്ങൾ കൊളുത്തി ആഘോഷം നടത്തി.
ആ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഏറെ പ്രചാരം നേടിയ ഐതിഹ്യം. കേരളത്തിൽ ദീപാവലിക്ക് മഹാലക്ഷ്മീ പൂജയ്ക്കാണ് പ്രാധാന്യം. ദീപാവലി ദിവസം സന്ധ്യാസമയത്ത് മണ്ചെരാതുകളിൽ ദീപം തെളിച്ച് വീടിനുചുറ്റും കത്തിച്ചുവച്ച് ദീപങ്ങളിൽ നിന്ന് ലക്ഷ്മി കടാക്ഷം ലഭിക്കാൻ സകുടുംബം പ്രാർത്ഥിക്കുന്നു.