ചാലക്കുടി: ലോഡ്ജിന്റെ മൂന്നാംനിലയിൽനിന്നും യുവാവിനെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതിനു രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നടവത്തൂർ പുന്നാത്ത് ചെന്നാലിയേക്കൽ വീട്ടിൽ ശിവൻ (45), തിരുവനന്തപുരം പോത്തൻകോട് എടവിലോകം വിജയവിഹാറിൽ സജിത്ത് (37) എന്നിവരെയാണ് എസ്ഐ ബി.കെ.അരുണ്‍ അറസ്റ്റുചെയ്തത്. കെട്ടിടത്തിൽനിന്നും താഴെവീണ് ഗുരുതരമായി പരിക്കേറ്റ കൊടുങ്ങല്ലൂർ നാരായണമംഗലം കുന്നുംപുറത്ത് വീട്ടിൽ ഇജാസി(28)നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
പരിയാരം കാഞ്ഞിരപ്പിള്ളിയിലുള്ള സ്വകാര്യ ലോഡ്ജിനു മുകളിൽനിന്നും രാത്രി 11.30നാണ് ഇജാസിനെ തള്ളിയിട്ടത്.
പരിയാരം ഡ്രീംവേൾഡിനു സമീപം പ്രവർത്തിച്ചുവരുന്ന അറ്റ്ലാന്റ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലെ ജോലിക്കാരാണ് ഇവർ. നേരത്തെയുണ്ടായ വഴക്കിനെ തുടർന്ന് മർദനമേറ്റ ഇജാസ് രാത്രി ലോഡ്ജിൽ വിശ്രമിക്കുന്പോഴാണ് ഇവർ എത്തി ഇജാസിനെ വീണ്ടും മർദിക്കുകയും കെട്ടിടത്തിനു മുകളിൽനിന്നും തള്ളിയിടുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.