കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച മാവൂര്‍ വിഭാസ് വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. പാലക്കാട് ഒഴലപ്പതി സ്വദേശി ആനന്ദന് (37) ആണ് പിടിയിലായത്. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി ബിജു. കെ. സ്റ്റീഫന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ വി.എസ്. മുരളീധരനും സംഘവുമാണ് ഇന്നലെ പ്രതിയെ തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ വച്ച് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ശിവാനന്ദകോളനി നിവാസി കുമാര്‍ എന്ന സയനൈഡ് കുമാറിനെ കണ്ടെത്താനുണ്ട്. ഇയാളെ കുറിച്ചുള്ള അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ടെന്ന്ഇന്സ്പെക്ടര് പറഞ്ഞു. 2007 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
മാവൂരിലെ “ഭാവന’ വീട്ടില്‍ വിഭാസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ വിഭാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ബന്ധുക്കള്‍ അന്നുതന്നെ മാവൂര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് 2007 ൽ കേസ് രജിസ്റ്റര്‍ ചെയ്തു.
അന്വേഷണത്തിനിടെ ഗ്രാസിം കമ്പനിയുടെ കിണറ്റില്‍ നിന്ന് ഫെബ്രുവരി ആറിന് വിഭാസിന്റെ മൃതദേഹം കണ്ടെത്തി. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണത്തില്‍ ഏഴ് പ്രതികളെ ക്രൈംബ്രാഞ്ച് പിടികൂടി.
മുഖ്യപ്രതികളായ രണ്ടുപേര്‍ കൂടി കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ വര്‍ഷങ്ങളായുള്ള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല. തുടര്‍ന്ന് ഐജി ഇ.ജെ.ജയരാജന്റെ നിര്‍ദേശപ്രകാരം ആറുമാസം മുമ്പ് പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. ആനന്ദന് ജനിച്ചുവളര്‍ന്ന പാലക്കാട്ടെ ഗ്രാമങ്ങളില്‍ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലൊടുവിലാണ് ചില സൂചനകള്‍ ലഭിച്ചത്.
നഗരങ്ങളില്‍ റോഡരികില്‍ വച്ച് പ്ലാസ്റ്റിക് നൂലുകൊണ്ട് കസേരയുണ്ടാക്കുന്ന ജോലിയായിരുന്നു ആനന്ദന്. ഇപ്രകാരം നഗരങ്ങളില്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവരെ മാസങ്ങളായി അന്വേഷണസംഘം പിന്തുടര്ന്നു.
ഒടുവില്‍ ആനന്ദന് പൊള്ളാച്ചിയിലുണ്ടെന്ന് മനസിലാക്കിയ സംഘം അവിടെയും ആഴ്ചകളോളം അന്വേഷണം നടത്തി. അതിനിടെയാണ് ഉദുമല്‍പേട്ടയില്‍ ആനന്ദന് ഉണ്ടെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാവൂരിലെ രാമന് എന്നയാളുടെ പാത്രങ്ങള്‍ വില്‍ക്കുന്ന കട കുത്തിതുറക്കുന്നത് വിഭാസ് കാണാനിടയാവുകയായിരുന്നു. വിഭാസ് മോഷണവിവരം പുറത്തുപറയാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴ് പേര് ചേര്‍ന്ന് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കിണറ്റില്‍ കൊണ്ടിട്ടുവെന്നാണ് കേസ്.