വേട്ടക്കാരന്റെ വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചു, വേട്ടക്കാരന്‍ മരിച്ചു

അര്‍ക്കന്‍സാസ്: വേട്ടക്കാരന്റെ വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചതിനെ തുടര്‍ന്ന് വേട്ടക്കാരന്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒക്ടോബര്‍ 22 ചൊവ്വാഴ്ച അര്‍ക്കന്‍സാസിലായിരുന്ന സംഭവം. നോമസ് അലക്‌സാണ്ടര്‍ (66) മാനിനെ വെടിവെച്ചതിന് ശേഷം പുറത്തിറങ്ങി വെടിയേറ്റ മാനിനെ തിരയുകയായിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു വെടിയേറ്റ മാന്‍ തിരിച്ച് അലക്‌സാണ്ടറെ ആക്രമിച്ചത്. നിരവധി തവണ ഇടിയേറ്റ അലക്‌സാണ്ടര്‍ നിലത്ത് വീണു. കൈയ്യിലുണ്ടായിരുന്ന ഫോണില്‍ ഭാര്യയെ വിളിച്ചു. ഭാര്യ എമര്‍ജന്‍സി വിഭാഗവുമായി ബന്ധപ്പെട്ടു. ഉടനെ അവര്‍ സ്ഥലത്തെത്തി അലക്‌സാണ്ടറെ ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ശരീരം മുഴുവന്‍ കുത്തേറ്റ അലക്‌സാണ്ടര്‍ എത്രനേരം അവിടെ കിടന്നുവെന്നറിയില്ലെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറഞ്ഞു. ഇത് ആദ്യ സംഭവമല്ലെന്നും, 2016 ആഷ്‌ലി കൗണ്ടിയില്‍ ഇതിന് സമാനമായ രീതിയില്‍ മാനിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നതായും അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

Related posts