ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ച യുവതിക്ക് സഹായമായി പോലീസ് ഉദ്യോഗസ്ഥ. ഇവരോടുള്ള ആദരവായി യുവതി കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥയുടെ പേര് നൽകി. ക്വാലലംപൂരിലാണ് സംഭവം. പൂർണഗർഭിണിയായ ഇന്തോനേഷ്യൻ യുവതി ക്വാലലംപൂരിലെ ബെർസാപദുവിൽ ബസിറങ്ങി. പെട്ടന്ന് തന്നെ ഇവർക്ക് പ്രസവവേദന ആരംഭിച്ചു. ഉടൻ തന്നെ ഇവർ പോലീസിൽ സഹായം അഭ്യർഥിക്കുകയും ചെയ്തു.
കോമതി നാരായണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഇവിടെ എത്തിയത്. ഇവർ ഒരു ടാക്സി വിളിച്ച് യുവതിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്രാമധ്യേ ഇവർ കാറിൽ പ്രസവിക്കുകയായിരുന്നു. ഈ സമയമത്രയും യുവതിക്ക് സഹായവുമായി കോമതിയും സമീപമുണ്ടായിരുന്നു.
കോമതി ഉടൻ തന്നെ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോമതിയോടുള്ള ആദരസൂചകമായി യുവതി ഇവരുടെ പേര് കുട്ടിക്കിടുകയായിരുന്നു. വിശാല ഹൃദയത്തോടെ യുവതിയോട് പെരുമാറിയ കോമതിയെ തേടി അഭിനന്ദനപ്രവാഹമാണ്. മലേഷ്യൻ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.