രണ്ടാംലോകമഹായുദ്ധത്തിൽ യുഎസുമായുള്ള “ബാറ്റിൽ ഓഫ് മിഡ്വേ’ സമുദ്രപോരിൽ മുങ്ങിയ രണ്ട് ജാപ്പനീസ് വിമാനവാഹിനിയുദ്ധക്കപ്പലുകളുടെ അവശിഷ്ടം ഗവേഷകർ കണ്ടെത്തി. നോർത്ത് പസഫിക് സമുദ്രത്തിൽ 18,000 അടി താഴ്ചയിൽ പെട്രെൽ എന്ന കപ്പൽ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് 77 വർഷം പഴക്കമേറിയ കപ്പലുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. കാഗ എന്ന കപ്പൽ കഴിഞ്ഞയാഴ്ചയും അകാഗി എന്ന മറ്റൊരു കപ്പൽ ഞായറാഴ്ചയും കണ്ടെത്തി.
1942ൽ മിഡ്വേ അറ്റോൾവടക്കൻ ശാന്തസമുദ്രത്തിലെ മിഡ്വേ അറ്റോൾ ദ്വീപുകൾ പിടിച്ചെടുക്കാൻ പുറപ്പെട്ട ഏഴുകപ്പലുകളാണ് യാത്രമധ്യേ മുങ്ങിതാണത്. ലോകത്തെ ഏറ്റവുംവലിയ സംരക്ഷിത സമുദ്രമേഖലയായ പപാഹാനോമൊക്വാകീ മറൈൻ നാഷണൽ സ്മാരകമേഖലയിൽ നിന്നാണ് ഇവയിൽ രണ്ടു കപ്പലുകൾ കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്നേഹിയുമായ പോൾ ജി. അലന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
1942ൽ ജൂൺ നാലിനാണ് നാലു ദിവസം നീണ്ടു നിന്ന ‘ബാറ്റിൽ ഓഫ് മിഡ്വേ’ ആരംഭിക്കുന്നത്. ജപ്പാൻ പേൾ ഹാർബർ ആക്രമിച്ച് ആറു മാസത്തിനു ശേഷമാണ് ബാറ്റിൽ ഓഫ് മിഡ്വേ നടക്കുന്നത്. ജപ്പാന്റെ കപ്പലുകൾ എത്തുന്നതിന് മുമ്പേ യുഎസ് സൈന്യം അറ്റോൾ ദ്വീപുകളിൽ എത്തിയിരുന്നു. തുടർന്നുണ്ടായ പോരാട്ടത്തിൽ 2000-ലേറെ ജപ്പാൻകാരും മുന്നൂറോളം യുഎസ് സൈനികരും കൊല്ലപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ യുഎസിന്റെ ‘യോർക്ക് ടൗൺ’ കപ്പൽ 1998-ൽ കണ്ടെത്തിയിരുന്നു.