ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. കുട്ടി കൂടുതൽ താഴ്ചയിലേക്കു വീണതാണു രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നത്. 85 ആഴത്തിലായിരുന്ന കുട്ടി ഇപ്പോൾ 100 അടിയിലേക്കു വീണതായാണു റിപ്പോർട്ട്. 26 മണിക്കൂറായി രക്ഷാപ്രവർത്തനം തുടരുകയാണ്.
അണ്ണാ യൂണിവേഴ്സിറ്റിയിൽനിന്ന് എത്തിച്ച ഹൈഡ്രോളിക് റോബോട്ട് ഉപയോഗിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. റോബോട്ട് ആഴ്ത്തിൽ കുട്ടിയുടെ അടുത്തെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 68 അടി താഴ്ചയിലേക്കും പിന്നീട് 85 അടി താഴ്ചയിലേക്കും വീഴുകയായിരുന്നു.
പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത് വിൽസനാണ് അപകടത്തിൽപ്പെട്ടത്. കളിച്ചുകൊണ്ടിരുന്ന കുട്ടി വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കുഴൽക്കിണറിനുള്ളിൽനിന്ന് കരച്ചിൽശബ്ദം കേട്ടു.
25 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെ വഴുതി പോയി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി സി. വിജയ് ഭാസ്കർ, ജില്ലാ കളക്ടർ ശിവരസ്, എസ്.പി. സിയാൽ ഹഖ് എന്നിവർ സ്ഥിതിഗതി നേരിട്ടു വിലയിരുത്തുന്നുണ്ട്. സേവ് സുജിത് എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കാന്പെയിൻ സജീവമാണ്.