കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് യുവതികളെ കൊള്ളയടിക്കാൻ ശ്രമിച്ച ഓണ്‍ലൈൻ സെക്സ് റാക്കറ്റ് സംഘത്തിലെ യുവാക്കൾ കൊച്ചിയിൽ പിടിയിൽ. ലൊക്കാന്േറാ പോലെയുള്ള സൈറ്റുകളിലൂടെ എസ്കോർട് സർവീസ് നൽകുകയും സ്ത്രീകളെ ഹോട്ടലുകളിൽ എത്തിച്ചു നൽകുയും ചെയ്തുവന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലിൽനിന്ന് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്.
മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെവീട് ഹിലർ ഖാദർ (29), ആലപ്പുഴ തുറവൂർ വടശേരിക്കരി ജോയൽ സിബി (22), മുളവുകാട് മാളിയേക്കൽ മാക്സ് വെൽ ഗബ്രിയേൽ (25), കണ്ണൂർ പയ്യാവൂർ പൈസഗിരി ആക്കൽ റെന്നി മത്തായി (37) എന്നിവരാണ് ശനിയാഴ്ച രാത്രിയോടെ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ പിടിയിലായത്.
ശനിയാഴ്ച ഉച്ചയോടെ ഹോട്ടലിൽ മുറിയെടുത്ത മുംബൈ സ്വദേശികളായ രണ്ടു യുവതികളെയാണു സംഘം കൊള്ളയടിച്ചത്. വൈകുന്നേരം അഞ്ചോടെ മാക്സ് വെലും ജോയലും മുറിയിൽ അതിക്രമിച്ചു കയറി വാതിൽ അകത്തുനിന്നു കുറ്റിയിട്ടു. ക്രൈബ്രാഞ്ച് പോലീസാണെന്നു പറഞ്ഞശേഷം മൊബൈൽ ഫോണിൽ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവർ എവിടെയെന്ന് അന്വേഷിച്ചു. റൂമിൽ കഞ്ചാവ് ഉണ്ടോ എന്നു ചോദിച്ചു പരിശോധനയും നടത്തി.
ഇതിനിടെ റെന്നിയും ഹിലറും റൂമിലെത്തി യുവതികളെ മർദ്ദിച്ചു. ഇവരുടെ ഫോണുകൾ പിടിച്ചുവാങ്ങുകയും കൈയിലുണ്ടായിരുന്ന 20,000 രൂപയോളം കവർച്ച ചെയ്യുകയും ചെയ്തു. യുവതികളുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തിയ പ്രതികൾ ചിത്രങ്ങളും വീഡിയോയും വീട്ടിലേക്കും സോഷ്യൽ മീഡിയയ്ക്കും അയയ്ക്കുമെന്നും അല്ലെങ്കിൽ അഞ്ചു ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. റൂമിലേക്കു വിളിച്ചുവരുത്തി കേസെടുക്കുമെന്നു പറഞ്ഞു ഹോട്ടൽ മാനേജരെയും വിരട്ടി.
വിവരമറിഞ്ഞ എസിപി ലാൽജിയുടെ നിർദേശമനുസരിച്ചു പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണ്. നഗരത്തിലെ ഓണ്‍ലൈൻ പെണ്‍വാണിഭത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.