ചവറ: പണം എടുക്കാതെ ബിയർ കുപ്പികളുമായി കള്ളൻ മുങ്ങി. പണത്തെക്കാൾ മദ്യത്തിന് വിലയിട്ട കള്ളൻ മോഷ്ടിച്ചത് 117 ബിയർ കുപ്പികൾ. നീണ്ടകരയിലെ ഒരു സ്വകാര്യ ബാറിലായിരുന്നു പണത്തോട് താൽപ്പര്യം ഇല്ലാത്ത കള്ളൻ ബിയർ കുപ്പികളുമായി കടന്ന് കളഞ്ഞത്.
കഴിഞ്ഞ 22-ന് രാത്രി നടന്ന മോഷണ വിവരം ബാർ ജീവനക്കാർ അറിഞ്ഞത് 25 നായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ചവറ പോലീസിൽ പരാതി നൽകി. ഷട്ടർ പൊളിച്ച് അകത്ത് കടന്ന് നിരീക്ഷണ കാമറ നശിപ്പിച്ചതിന് ശേഷമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
14890- രൂപയുടെ ബിയറാണ് മോഷണം പോയത്. സമീപത്തെ കടകളിലെ നിരീക്ഷണ കാമറ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള അന്വേഷണത്തിലാണ് ചവറ പോലീസ്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.