പന്തളം: രഹസ്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. കച്ചവടക്കാരൻ അടൂർ പെരിങ്ങനാട് ചിറവരമ്പിൽ രാജനെ (മൊന്തരാജൻ – 52) അറസ്റ്റു ചെയ്തു. കൂട്ടുപ്രതിയായ ഇയാളുടെ മകൻ അഖിൽ രാജനു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.മുടിയൂർക്കോണം എംടി എൽപി സ്കൂളിനു സമീപം വാടകയ്ക്കെടുത്ത വീടാണ് പുകയില ഉത്പന്നങ്ങളുടെ ഗോഡൗണായി ഇവർ ഉപയോഗിച്ചിരുന്നത്.
ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസിന്റെ നിർദേശപ്രകാരം ശനിയാഴ്ച രാത്രി പത്തോടെ ജില്ലാ ആന്റി നാർകോട്ടിക് ടീമാണ് റെയ്ഡ് നടത്തിയത്. തമിഴ്നാട്ടിൽ നിന്നും പായ്ക്കറ്റ് ഒന്നിന് മൂന്നു രൂപയ്ക്കു വാങ്ങി 50 ഉം 60 ഉം രൂപയ്ക്കാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 40,000 പായ്ക്കറ്റാണ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്നു കച്ചിലോറിയിലും മറ്റും ഒളിച്ചു കടത്തി ഗോഡൗണിലെത്തിക്കും. തുടർന്നു രാത്രിയിൽ കാറിലാണ് രഹസ്യമായി ഇവർ കടകളിലെത്തിച്ചിരുന്നത്. കഞ്ചാവ്, സ്പിരിറ്റ്, അബ്കാരി തുടങ്ങിയ കേസുകളിലെ വൻ ശിക്ഷ അപേക്ഷിച്ച്, പിടിക്കപ്പെട്ടാൽ കുറഞ്ഞ ശിക്ഷയും വൻ ലാഭവുമായതിനാലാണ് മുമ്പ് കഞ്ചാവും സ്പിരിറ്റും കച്ചവടം നടത്തിയിരുന്നവർ ഇപ്പോൾ നിരോധിത പുകയില ഉത്പന്നങ്ങളിലേക്കു കളംമാറിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപമുള്ള കടകളിൽ ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടന്നു വരുന്ന അന്വേഷണത്തിൽ നിരവധി പേരെ പിടികൂടുകയും ചെയ്തു. ഇതോടെയാണ് ഉറവിടം തേടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചത്. ഇത്തരം കച്ചവടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
നിരവധി അബ്കാരി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള യാളാണ് രാജൻ. ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു റിമാൻഡ് ചെയ്തു. പന്തളം എസ്എച്ച്ഒ ഇ.ഡി. ബിജു, ആന്റി നാർക്കോട്ടിക്ക് എസ്ഐ ആർ.എസ്. രഞ്ജു, ടീമംഗങ്ങളായ എഎസ്ഐ രാധാകൃഷ്ണൻ, വിത്സൺ, പന്തളം എസ്ഐ ശ്രീകുമാർ, എഎസ്ഐ സന്തോഷ് എന്നിവരാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകിയത്.